ദുബായ്: സംസ്ഥാനത്ത് പുതിയ രണ്ട് ഐടി പാർക്കുകൾ കൂടി സ്ഥാപിക്കുമെന്ന് പ്രഖ്യാപനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വിവിധ ജില്ലകളെ ബന്ധിപ്പിച്ച് നാല് ഐ ടി കോറിഡോറുകൾ തുടങ്ങുമെന്നും അതിനായുള്ള സ്ഥലമെടുപ്പ് നടന്നു വരികയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദുബായിൽ കേരള സ്റ്റാർട്ട് അപ് മിഷൻ ആരംഭിക്കുന്ന ഇൻഫിനിറ്റി സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഐടി മേഖലയിൽ കേരളത്തിന്റേതായ രീതിയിൽ മുന്നോട്ട് പോകാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഐടി രംഗത്ത് വളരെ നേരത്തെ തന്നെ ചുവടുവച്ച സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഇ കെ നായനാർ സർക്കാരുടെ നേതൃത്വത്തിൽ കേരളത്തിലാണ് ഇന്ത്യയിലെ തന്നെ ആദ്യത്തെ ടെക്നോപാർക്ക് സ്ഥാപിതമായത്.
കേരളത്തിന്റെ ചുവടുപിടിച്ചാണ് പല സംസ്ഥാനങ്ങളും ഐടി മേഖലയിൽ സമാന സംരംഭങ്ങൾക്ക് തുടക്കം കുറിച്ചതെന്നും പിണറായി വിജയൻ ദുബായിൽ പറഞ്ഞു. അതേസമയം, പിന്നീട് ഇതേ വേഗതയിൽ ഐടി രംഗത്ത് മുന്നോട്ട് പോകുന്നതിന് കേരളത്തിന് സാധിച്ചില്ല. ഇപ്പോൾ നടക്കുന്നത് സാധ്യതകളെ പൂർണമായും വിനിയോഗിക്കാനുള്ള ശ്രമങ്ങളാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് പുതിയ സംരംഭങ്ങൾ സ്ഥാപിക്കുന്നതിനും എൻ ആർ ഐ കമ്യൂണിറ്റിയിലെ സംരംഭക സ്ഥാപകർക്ക് ഒത്തു ചേരുന്നതിനുമുള്ള പദ്ധതിയാണ് സ്റ്റാർട്ട് അപ്പ് ഇൻഫിനിറ്റി സെന്റർ. അതിന് പുറമെ, സംരംഭകർ തമ്മിലുള്ള സഹകരണം വർധിപ്പിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
![]()
