ദോഹ : ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് ഔപചാരിക വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന്റെ ഭാഗമായി 82 സ്കൂളുകളിൽ പ്രത്യേകം ക്ലാസ് മുറികൾ ഒരുക്കി ഖത്തർ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം.
വിവിധ ശാരീരിക അവശതകൾ നേരിടുന്ന വിദ്യാർഥികളെ മുഖ്യധാരാ വിദ്യാഭ്യാസത്തിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് രാജ്യത്തെ വിവിധ സ്കൂളുകളിലെ ക്ലാസ് മുറികൾ ഭിന്നശേഷി സൗഹൃദമാക്കി മാറ്റുന്നത്. ഈ മേഖലയിൽ വലിയ നേട്ടങ്ങളാണ് മന്ത്രാലയം കൈവരിച്ചിരിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ പ്രത്യേക വിദ്യാഭ്യാസ വകുപ്പിലെ മനാ അൽ ഹബാബി പറഞ്ഞു.ഭിന്നശേഷിയുള്ള വിദ്യാർഥികൾക്ക് വേണ്ടി രാജ്യത്തുടനീളം പ്രവർത്തിക്കുന്ന 70 സ്പെഷലൈസ്ഡ് റെഗുലർ സ്കൂളുകളിൽ ക്ലാസുകൾ തയാറാക്കിയിട്ടുണ്ട്.കൂടാതെ കാഴ്ചവൈകല്യമുള്ള വിദ്യാർഥികളുടെ പഠനത്തിന് വേണ്ടി നാല് സ്കൂളുകളിലേക്കും കേൾവിക്കുറവുള്ളവർക്കായി രണ്ട് സ്കൂളുകളിലേക്കും ഈ സംരംഭങ്ങൾ വ്യാപിപ്പിച്ചതായി ഖത്തർ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ അൽ ഹബാബി കൂട്ടിച്ചേർത്തു.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേണ്ടി അൽ ഹിദായ സ്കൂൾ ഫോർ സ്പെഷൽ നീഡ്സ് എന്ന പേരിൽ രണ്ട് കിന്റർഗാർഡനുൾപ്പെടെ ആറ് സ്കൂളുകൾ സ്ഥാപിച്ചിട്ടുണ്ട്.
![]()
