റിയാദ്: ഇന്ത്യയ്ക്ക് പുറത്ത് പഠിക്കുന്ന 9 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ അവസരങ്ങളെക്കുറിച്ച് മാർഗനിർദേശം നൽകുന്നതിനായി റിയാദ് ഇന്ത്യൻ അസോസിയേഷൻ (RIA) ദാസ/സിഐഡബ്ല്യുജി (DASA/CIWG) പ്രവേശന ബോധവൽക്കരണ സെഷൻ സംഘടിപ്പിച്ചു.
ഒക്ടോബർ 23 വെള്ളിയാഴ്ച റിയാദ് ഒലയയിലെ ചോല റെസ്റ്റോറന്റിൽ നടന്ന പരിപാടിയിൽ നൂറിലധികം പേർ നേരിട്ടും 50-ലധികം പേർ ഓൺലൈനായും പങ്കെടുത്തു.
സെഷനിൽ ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങളായ NITs, IITs, SPAs എന്നിവിടങ്ങളിലെ പ്രവേശന അവസരങ്ങളും DASA/CIWG നടപടിക്രമങ്ങളും വിശദീകരിച്ചു. നേരത്തെയുള്ള തയ്യാറെടുപ്പ്, ഫലപ്രദമായ പഠനരീതികൾ, കരിയർ ആസൂത്രണം എന്നിവയുടെ പ്രാധാന്യവും ചർച്ച ചെയ്തു.
റിയ ആർട്ട് ആൻഡ് കൾച്ചറൽ കമ്മിറ്റി ജോയിന്റ് കൺവീനർ മണികണ്ഠൻ എൻ. സ്വാഗതം ആശംസിച്ചു.
പ്രസിഡന്റ് ബിജു ജോസഫ് അധ്യക്ഷ പ്രസംഗത്തിൽ ശരിയായ സമയത്ത് കൃത്യമായ മാർഗനിർദേശത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു. തന്റെ വ്യക്തിപരമായ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് NIT തിരുച്ചിറപ്പള്ളി, NITK സൂറത്ത്കൽ, NIT കാലിക്കറ്റ് എന്നിവിടങ്ങളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ ഉദാഹരണങ്ങളും അദ്ദേഹം അവതരിപ്പിച്ചു.
ജോയിന്റ് സെക്രട്ടറി മുത്തുകണ്ണൻ അസോസിയേഷന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. ട്രഷറർ മഹേഷ് മുരളീധരൻ ആശംസകൾ നേർന്നു.
രണ്ട് മണിക്കൂർ നീണ്ടുനിന്ന പ്രധാന സെഷന് റിയ മുൻ പ്രസിഡന്റും നിലവിലെ അഡ്വൈസറി കമ്മിറ്റി അംഗവുമായ മാധവൻ നേതൃത്വം നൽകി. DASA/CIWG നടപടിക്രമങ്ങൾ, തയ്യാറെടുപ്പ് രീതികൾ, വിദ്യാർത്ഥികളും രക്ഷിതാക്കളും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെക്കുറിച്ച് അദ്ദേഹം വിശദമായ മാർഗനിർദേശം നൽകി. തുടർന്നുള്ള ചോദ്യോത്തര വേളയിൽ രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും സംശയങ്ങൾക്ക് മറുപടി നൽകി.
ജോയിന്റ് സെക്രട്ടറി സൂരാജ് വത്സല നന്ദി പറഞ്ഞു.
പങ്കെടുക്കാൻ കഴിയാത്തവർക്കായി സെഷൻ യൂട്യൂബിലൂടെ തത്സമയം സംപ്രേഷണം ചെയ്തിരുന്നു. റെക്കോർഡിങ് റിയ യുടെ യൂട്യൂബ് ചാനലിൽ ലഭ്യമാണ്.
