മക്ക: വിശുദ്ധ ഗേഹമായ മക്കയിൽ ഉംറ നിർവഹിക്കുന്നവർക്ക് ത്വവാഫിനായി ഇനി മുതൽ സ്മാർട്ട് ഗോൾഫ് കാറുകളുടെ സേവനം ലഭിക്കും. തിരക്കേറിയ റമദാൻ മാസത്തിൽ പ്രത്യേക സേവനം ആവശ്യമുള്ള വൈകല്യമുള്ളവർക്കും മുതിർന്നവർക്കും സേവനം നൽകുന്നതിനായി മക്കയുടെ മേൽക്കൂരയിൽ സ്മാർട്ട് ഗോൾഫ് കാറുകളുടെ സേവനം കഴിഞ്ഞ ദിവസം മുതൽ ലഭ്യമാക്കിയിട്ടുണ്ട്. ഗ്രാൻഡ് മോസ്ക്കിന്റെ ചുമതലയുള്ള ജനറൽ അതോറിട്ടിയാണ് ഇതിനു ചുക്കാൻ പിടിക്കുന്നത്. അജ്യാദ് എസ്കലേറ്ററുകൾ, കിംഗ് അബ്ദുൽ അസീസ് ഗേറ്റ് എലിവേറ്ററുകൾ, ഉംറ ഗേറ്റ് എലിവേറ്ററുകൾ എന്നിവയുടെ പ്രവേശന കവാടങ്ങളിലൂടെ തീർഥാടകർക്ക് ഗോൾഫ് കാർ സൈറ്റിലെത്താമെന്ന് അതോറിറ്റി വെളിപ്പെടുത്തി. എല്ലാ ദിവസവും വൈകുന്നേരം 4:00 മുതൽ പുലർച്ചെ 4:00 വരെ 12 മണിക്കൂറാണ് ഗോൾഫ് കാറിൻ്റെ പ്രവർത്തന സമയം. തവാഫ് ചെയ്യുന്നതിനായി മാത്രമാണ് സേവനം നൽകുന്നതെന്നും ഒരാൾക്ക് ടാക്സ് ഉൾപ്പെടെ 25 റിയാൽ ആണ് ഇതിൻ്റെ ചാർജ് എന്നും അതോറിറ്റി അറിയിച്ചു. 50 സ്മാർട്ട് ഗോൾഫ് കാറുകൾ ആണ് ഇപ്പോൾ സേവനത്തിനായി ഉള്ളത്. ഓരോ കാറിലും 10 തീർത്ഥാടകർക്ക് ത്വവാഫ് ചെയ്യാനാകും.
![]()
