റിയാദ് : കേളി കുടുംബവേദിയുടെ നേതൃത്വത്തിൽ ലോക വനിതാദിനത്തോടനുബന്ധിച്ചു നടത്തിയ മെഗാ ചിത്രരചനാ മത്സരത്തിൽ 600-ൽ പരം കുട്ടികൾ പങ്കെടുത്തു. മലയാളികൾക്ക് പുറമെ ഇന്ത്യയിലെ വിവിധ സംസ്ഥാനക്കാരും ശ്രീലങ്ക, പാകിസ്ഥാൻ, ബംഗ്ലാദേശ്, വിവിധ അറബ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുമുള്ള കുട്ടികളാണ് മത്സരത്തിൽ പങ്കാളികളായത്.
അൽ യാസ്മിൻ ഇൻ്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ മൂന്ന് വേദികളിലായി നടന്ന മത്സരം സംഘാടന മികവ് കൊണ്ട് ശ്രദ്ധേയമായി. നാല് മുതൽ ആറ് വരെയും ഏഴ് മുതൽ പത്ത് വരെയും പ്രായമുള്ള കുട്ടികൾക്ക് കളറിങ് മത്സരവും,11 മുതൽ 15 വരെ പ്രായമുള്ള കുട്ടികൾക്ക് “പവർ ഓഫ് മദർ”എന്ന സ്പോട്ട് വിഷയത്തെ ആസ്പദമാക്കി രചനാമത്സരവുമാണ് ഒരുക്കിയത്. ഒരു മണിക്കൂറായിരുന്നു സമയ പരിധി. രജിസ്ട്രേഷൻ ഓൺലൈനായി നേരത്തെ പൂർത്തിയാക്കിയിരുന്നു.
200-ൽ പരം കുട്ടികൾ മാറ്റുരച്ച നാല് മുതൽ ആറ് വരെയുള്ള കളറിങ് വിഭാഗത്തിൽ ചിന്മയി.എൻ ഒന്നാം സ്ഥാനവും സൈനബ് രണ്ടാം സ്ഥാനവും വെണ്മതി വിജയരാമൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
മുന്നൂറോളം കുട്ടികൾ പങ്കെടുത്ത ഏഴു മുതൽ പത്ത് വരെയുള്ള കളറിങ് വിഭാഗത്തിൽ ഡെമെട്രിയ ചക്രബോർട്ടി ഒന്നാം സ്ഥാനവും സ്റ്റീവ് സോബിൻ രണ്ടാം സ്ഥാനവും റിഷാൻ രാഗേഷ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
150-ൽ പരം കുട്ടികൾ പങ്കെടുത്ത 10മുതൽ 15 വരെയുള്ള രചനാ മത്സര വിഭാഗത്തിൽ വചൻ സുനിൽ ഒന്നാം സ്ഥാനവും ഷെല്ല ഫാത്തിമ രണ്ടാം സ്ഥാനവും മാധവി കൃഷ്ണ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
പൂർവ മുന്ദ്ര (ഹൈദരാബാദ്) മിനുജ മുഹമ്മദ് (മോഡേൺ മിഡിൽ ഈസ്റ്റ് ഇന്റർനാഷണൽ സ്കൂൾ) നൂറിയ (റെയിൽബോ ഇന്റർനാഷണൽ സ്കൂൾ) എന്നിവർ വിധികർത്താക്കളായി.
ബഹു ഭൂരിഭാഗം കുട്ടികളും നല്ലരീതിയിൽ തന്നെ തങ്ങളുടെ കഴിവുകൾ വിനിയോഗിച്ചു എന്നും മൂല്യ നിർണ്ണയം എളുപ്പമായിരുന്നില്ലെന്നും വിധികർത്താക്കൾ അഭിപ്രായപ്പെട്ടു.
മൂന്ന് വിഭാഗത്തിലും ആദ്യ മൂന്ന് സ്ഥാനക്കാർക്ക് സോനാ ജ്വല്ലറി സ്പോണ്സർ ചെയ്ത മൂന്ന്, രണ്ട്, ഒന്ന് ഗ്രാം വീതമുള്ള സ്വർണ്ണ നാണയങ്ങളും പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സർട്ടിഫിക്കറ്റുകളും സമ്മാനമായി നൽകി.
കുടുംബവേദി നിർവാഹക സമിതി അംഗം വിജില ബിജു കോഡിനേറ്ററായും, ജോയിന്റ് സെക്രട്ടറി സിജിൻ കൂവള്ളൂർ ടെക്നിക്കൽ സപ്പോർട്ടറായും പ്രവർത്തിച്ചു. വിഎസ് സജീന കൺവീനറായും, സന്ധ്യാരാജ് ചെയർ പേഴ്സണായും, ഗീതാ ജയരാജ് ട്രഷററായും 101 അംഗ സംഘാടക സമിതി പരിപാടി നിയന്ത്രിച്ചു.
![]()
