ദുബായ് : യു എ ഇ യിൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത.എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കനത്ത മഴയും ഇടിമിന്നലും ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പർവതങ്ങളിൽ 9 ഡിഗ്രി സെൽഷ്യസും തീരത്ത് 12 ഡിഗ്രി സെൽഷ്യസും വരെ താപനില കുറയുമെന്നും രാജ്യത്തുടനീളം താപനില കുറയുമെന്നും പ്രതീക്ഷിക്കുന്നതായി കാലാവസ്ഥ കേന്ദ്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.
വാഹനമോടിക്കുന്നവരുടെ അറിവിലേക്ക് പൊടികാറ്റ് വീശുമെന്നതിനാൽ റോഡുകളിൽ ദൃശ്യപരത കുറയാനുള്ള സാധ്യതയുണ്ട്. കാറ്റിന്റെ വേഗത മണിക്കൂറിൽ 50 കിലോമീറ്റർ വരെ പ്രതീക്ഷിക്കാം. അറബിക്കടലിലും ഒമാൻ കടലിലും സ്ഥിതി പ്രക്ഷുബ്ധമായിരിക്കുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. പ്രതികൂല കാലാവസ്ഥയെ നേരിടാൻ പൊതുജനങ്ങൾ തയ്യാറാകണമെന്നും അധികൃതർ അറിയിച്ചു. തണുത്ത പടിഞ്ഞാറൻ കാറ്റിനൊപ്പം തെക്ക് പടിഞ്ഞാറ് നിന്ന് വ്യാപിച്ചുകിടക്കുന്ന ഉപരിതല ന്യൂനമർദ്ദം യുഎഇയെ ബാധിക്കുന്നതാണ് പ്രതികൂല കാലാവസ്ഥയ്ക്ക് കാരണമെന്നും റിപ്പോർട്ടിൽ ചൂണ്ടികാണിക്കുന്നു.
![]()
