സൗദി അറേബ്യയുടെ ചരിത്രത്തിലേക്ക് ഒരു പുതിയ പാത കൂടി. തലസ്ഥാന നഗരിയെ ചരിത്രപ്രസിദ്ധമായ ദറഇയ പൗരാണിക നഗരവുമായി ബന്ധിപ്പിക്കുന്ന വെസ്റ്റേൺ റിങ് റോഡിൽ എക്സിറ്റ് 38 ലെ തുരങ്ക പാത ഗതാഗതത്തിനായി തുറന്നു കൊടുത്തു.ഗതാഗത ലോജിസ്റ്റിക്സ് മന്ത്രി സ്വാലിഹ് അൽജാസർ തുരങ്ക പാതയുടെ ഉദ്ഘാടനം നിർവഹിച്ചു.റിയാദിലെ വെസ്റ്റേൺ റിങ് റോഡിൽ 435 മീറ്റർ നീളമുള്ള ദറഇയ തുരങ്കപാത ഒരു സുപ്രധാന പദ്ധതിയായിരുന്നെന്നും ഇത് ചരിത്രപ്രസിദ്ധമായ ദറഇയയിലേക്കുള്ള പ്രവേശന കവാടത്തെ വിനോദസഞ്ചാര, പൈതൃക കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്നതാണെന്ന് ഗതാഗത ലോജിസ്റ്റിക് മന്ത്രി പറഞ്ഞു
70 ലക്ഷത്തിലധികം മണിക്കൂർ ജോലി ചെയ്താണ് ഇതിൻറ പണി പൂർത്തിയാക്കിയത്. മണിക്കൂറിൽ 10,200 വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയും.ആഭ്യന്തര മന്ത്രാലയം, റിയാദ് മുനിസിപ്പാലിറ്റി, ഗതാഗത ലോജിസ്റ്റിക് സേവന മന്ത്രാലയം, ബന്ധപ്പെട്ട അധികാരികൾ എന്നിവരുമായി സഹകരിച്ചാണ് തുരങ്കത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തിയത്. ദറഇയ പദ്ധതി, റിയാദ്, വെസ്റ്റേൺ റിങ് റോഡ് എന്നിവയെ ഈ തുരങ്ക പാത ബന്ധിപ്പിക്കും. ദറഇയയിലെ ചരിത്രപരവും പൈതൃകവുമായ സ്ഥലങ്ങളിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നതിനും അതിലേക്കുള്ള ഗതാഗതം സുഗമമാക്കുന്നതിനും ഈ തുരങ്കപാത സഹായിക്കും.റിയാദ് മുനിസിപ്പാലിറ്റി ഫോർ ഓപറേഷൻ ആൻഡ് മെയിൻറനൻസ് അണ്ടർ സെക്രട്ടറി അഹമ്മദ് അൽബലവി, പൊതുസുരക്ഷ ഡയറക്ടർ ലെഫ്റ്റനൻറ് ജനറൽ മുഹമ്മദ് അൽബസ്സാമി, ദറഇയ ഗ്രൂപ് സി.ഇ.ഒ ജെറി ഇൻസെറില്ലോ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
![]()
