റിയാദ് : ‘ബിൽക്കിസ് ബാനു കോടതി വിധിയുടെ പശ്ചാത്തലത്തില് പ്രവാസി വെൽഫെയർ റിയാദ് വനിതാ വിഭാഗം ചർച്ച സംഗമം സംഘടിപ്പിച്ചു. വിമൻ ജസ്റ്റിസ് മൂവ്മെന്റ് സ്റ്റേറ്റ് പ്രസിഡന്റ് വി. എ ഫായിസ മുഖ്യപ്രഭാഷണം നടത്തി. വെറുപ്പിനെ ആയുധമാക്കി ഫാസിസം ഭരിക്കുന്ന കാലത്ത് നിരന്തരമായ നീതി നിഷേധങ്ങൾ രാജ്യത്തങ്ങോളം ഇങ്ങോളം അരങ്ങു വാഴുന്ന കാലത്ത് , രാജ്യത്തെ സ്ത്രീകളുടെ മുഴുവൻ ആത്മാഭിമാനം ഉയർത്തി പിടിക്കാൻ മുഖം മറയ്ക്കാതെ ബിൽക്കിസ് ബാനു നടത്തിയ നിയമ പോരാട്ടമാണ് യഥാർത്ഥ നാരീശക്തി എന്ന് വി.എ ഫായിസ അഭിപ്രായപ്പെട്ടു.ഫാഷിസ്റ് ഭരണകൂടം കേസ് അട്ടിമറിക്കാൻ സാധ്യമായതെല്ലാം ചെയ്തിട്ടും നീതിക്കു വേണ്ടി ഒരു ഇരുപത്തിയൊന്നുകാരി നടത്തിയ രണ്ട് പതിറ്റാണ്ടിലേറെ നീണ്ടു നിന്ന നിയമ പോരാട്ടം ഇന്ത്യൻ നീതി ന്യായ വ്യവഹാരത്തിന്റെ ചരിത്രത്തിലെ തന്നെ ഐതിഹാസികമായ ഒരു ഏടാണെന്ന് പ്രവാസി വെൽഫെയർ റിയാദ് സെക്രട്ടറി ഷഹനാസ് സഹിൽ അഭിപ്രായപ്പെട്ടു. ഇന്ത്യൻ നീതി പീഠത്തിൽ വിശ്വാസം നഷ്ടപെട്ടിട്ടില്ലാത്ത ജനതയ്ക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ് ബിൽക്കിസ് ബാനു കേസിൽ രാജ്യത്തെ പരമോന്നത നീതിപീഠം നടത്തിയ ഇടപെടൽ എന്ന് യോഗം വിലയിരുത്തി.
ഷഹനാസ് സഹിൽ ചർച്ച സംഗമത്തിൽ അദ്ധ്യക്ഷത വഹിച്ചു. പ്രവാസി വെൽഫെയർ പ്രവർത്തക ജസീറ അജ്മൽ ‘ബിൽക്കിസ് ബാനു -താണ്ടിയ കനൽ വഴികൾ’ എന്ന വിഷയവും,ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ സഫ ഷൗക് ‘നാരീശക്തിക്കൊപ്പം മോദി- സത്യമോ മിഥ്യയോ?’ എന്ന വിഷയവും ആസ്പദമാക്കി സംസാരിച്ചു . വിമൻ ജസ്റ്റിസ് സ്റ്റേറ്റ് സെക്രട്ടറി റുക്സാന ഇർഷാദ് സ്ത്രീ ശാക്തീകരണത്തിന് വേണ്ടി സംഘടന നാട്ടിൽ നടത്തുന്ന ഇടപെടലുകളെ കുറിച്ച് സംസാരിച്ചതോടൊപ്പം വനിതകളിൽ രാഷ്ട്രീയമായ അവബോധം സൃഷ്ടിക്കാൻ സഹായകവുമായ ഇത്തരം പരിപാടികൾ സംഘടിപ്പിച്ച പ്രവാസി വെൽഫെയർ ടീമിനു ആശംസകൾ അറിയിച്ചു.ഹസ്ന അയൂബ്ഖാൻ ഗാനം ആലപിച്ചു. പ്രവാസി വെൽഫെയർ റിയാദ് സെൻട്രൽ കമ്മിറ്റീ അംഗങ്ങളായ ആയിഷ ടി.പി സ്വാഗതവും അഫ്നിത അഷ്ഫാഖ് നന്ദിയും രേഖപ്പെടുത്തി.
![]()
