റിയാദ് : ചികിത്സക്കിടെ അബോധവസ്ഥയിലായ മലയാളി ആരോഗ്യം വീണ്ടെടുത്തു കാരുണ്യ പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്കു മടങ്ങി.തിരുവനന്തപുരം കഠിനാംകുളം സ്വദേശി കൃഷ്ണന് വിജയന് ആണ് നാട്ടിലേക്ക് മടങ്ങിയത്.
റിയാദിലെ കൺസ്ട്രക്ഷൻ സ്കിൽസ് കമ്പനിയിൽ കഴിഞ്ഞ 24 വർഷമായി ഇലക്ട്രീഷ്യൻ ജോലി ചെയ്തു വരികയായിരുന്നു വിജയൻ. തോളെല്ലിലെ വേദനയ് സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ തേടി. വിദഗ്ദ ചികിത്സയ്ക്ക് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. കമ്പനിയുടെ സഹകരണത്തോടെ ആശുപത്രിയില്‍ ചികിത്സ നേടുന്നതിനിടെയാണ് ബോധം നഷ്ടമായത്.
രണ്ടു മാസത്തോളം വിജയനെ കുറിച്ചുള്ള ഒരു വിവരവും ലഭിക്കാതിരുന്നതിനെ തുടർന്ന് നാട്ടിൽനിന്നും ബന്ധുക്കൾ കേളി കലാസാംസ്കാരിക വേദി രക്ഷാധികാരി സെക്രട്ടറിയും ലോക കേരള സഭാ അംഗവുമായ കെ പി എം സാദിഖുമായി ബന്ധപ്പെട്ട് ആളെ കണ്ടെത്താൻ സഹായം അഭ്യർത്ഥിക്കുകയായിരുന്നു. കേളി പ്രവർത്തകർ ഇന്ത്യൻ എംബസിയിൽ വിവരം ധരിപ്പിക്കുകയും, കേളിയുടെ അന്വേഷണത്തിലൂടെ അബോധാവസ്ഥയിൽ സുമേഷിയിലെ കിംഗ് സൗദ് മെഡിക്കൽ സിറ്റിയിൽ കഴിയുന്ന വിജയന്റെ വിവരങ്ങൾ ലഭ്യമാകുകയും, ഇദ്ദേഹത്തെ കേളി ഏറ്റെടുക്കുകയായിരുന്നു. ആശുപത്രിയിലെ ഡോക്ടർമാരുമായി സംസാരിച്ച് രോഗവിവരങ്ങൾ മനസ്സിലാക്കി നാട്ടിലെ കുടുംബത്തിന് കൈമാറി.മൂന്ന് മാസത്തെ തുടർച്ചയായ ചികിത്സക്കൊടുവിൽ വിജയന് ബോധം തിരിച്ചുകിട്ടി. പക്ഷെ, പക്ഷാഘാതത്തിന്റെ ഭാഗമായി എഴുന്നേൽക്കുവാനോ സംസാരിക്കുവാനോ കഴിയാത്ത അവസ്ഥയിലായിരുന്നു. നിത്യ സന്ദർശകരായി കേളി പ്രവർത്തകർ എല്ലാവിധ സഹായങ്ങൾക്കുമായി വിജയനോടൊപ്പം നിന്നു. തുടർ ചികിത്സയുടെ ഭാഗമായി രണ്ടു മാസത്തിനു ശേഷം പൂർണ്ണ ആരോഗ്യം വീണ്ടെടുത്തു. അഞ്ചുമാസത്തെ ആശുപത്രി വാസത്തിനൊടുവിൽ ഡിസ്ചാർജ് ചെയ്തു, കേളി പ്രവർത്തകരോടോപ്പം താമസിച്ചു. തുടർന്ന് കമ്പനിയുമായി സംസാരിച്ചു, മുടങ്ങിയ ശമ്പള കുടിശ്ശികയും, നാട്ടിലേക്ക് അവധിയിൽ പോകുന്നതിനുള്ള രേഖകളും ടിക്കറ്റും വാങ്ങിയെടുത്തു. കമ്പനി ആറുമാസത്തെ ലീവ് അനുവദിച്ചതിനെ തുടർന്ന് , എയർ ഇന്ത്യയുടെ വീൽചെയർ ടിക്കറ്റിൽ ചോവ്വാഴ്ച വിജയൻ നാട്ടിലേക്ക് മടങ്ങി. കേളി ജീവകാരുണ്യ വിഭാഗം കൺവീനർ നസീർ മുള്ളൂർക്കര, മലാസ് ഏരിയ കൺവീനർ പിഎൻഎം റഫീക്, അനിൽ അറക്കൽ ,കേളി മലാസ് ഏരിയ സെക്രട്ടറി നൗഫൽ ഉള്ളാട്ട് ചാലി എന്നിവർ റിയാദ് എയർ പോർട്ടിൽ നിന്ന് യാത്രയാക്കി. ഭാര്യയും മകളും ചേർന്ന് തിരുവനന്തപുരം എയർപോർട്ടിൽ വിജയനെ സ്വീകരിച്ചു.
![]()
