റിയാദ്: അവധിക്ക് നാട്ടിൽ പോയ കൊല്ലം സ്വദേശി ബൈക്കപകടത്തിൽ മരിച്ചു. കൊല്ലം കരുനാഗപ്പള്ളി മൈനാഗപ്പള്ളി സ്വദേശി ഷമീർ (35) ആണ് ഇന്ന് പുലർച്ചെ മരണപ്പെട്ടത്. വ്യാഴാഴ്ച സഹോദരിയുടെ വീട്ടിൽ പോയി മടങ്ങുകയായിരുന്ന ഷമീറിൻറെ ബൈക്കിനു പുറകിൽ മറ്റൊരു ബൈക്ക് ഇടിച്ചാണ് അപകടം സംഭവിച്ചത്. സംഭവ സ്ഥലത്തു നിന്നും സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ഷമീറിനെ തുടര്‍ചികിത്സക്കായി ഏറണാകുളം ആസ്റ്റർ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെവെച്ചാണ് മരണം സംഭവിച്ചത്. ഒരുമാസം മുൻപാണ് ഷമീർ നാട്ടിലേക്ക് അവധിക്ക് പോയത്. പുതിയ വീട്ടിൽ താമസം ആകുന്നതിനു വേണ്ടി അവധിക്ക് പോയ ഷമീർ മടങ്ങി റിയാദിലേക്ക് വരാനിരിക്കുമ്പോഴാണ് അപകടം സംഭവിച്ചത്. പത്തു വർഷമായി റിയാദിലുള്ള ഷമീർ ഡ്രൈവർ ആണ്. ഭാര്യ: റഹീന. പിതാവ്: ബഷീർ. മാതാവ്: സബൂറ. മക്കൾ: ആമിന, അമാൻ. എറണാകുളം ആസ്റ്റർ ആശുപത്രിയിലുള്ള മയ്യിത്ത് നടപടികൾ പൂർത്തിയാക്കി കൊല്ലത്തു ഖബറടക്കുമെന്നു ബന്ധുക്കൾ അറിയിച്ചു.
![]()
