അൽ ഖഫ് ജി: കണ്ണൂർ വിമാനത്താവളത്തോടുള്ള കേന്ദ്ര സർക്കാർ അവഗണനയ്ക്കും, സീസണുകളിൽ കുത്തനെ നിരക്ക് വർദ്ദിപ്പിച്ച് പ്രവാസികളെ ചൂഷണം ചെയ്യുന്ന വിമാനക്കമ്പനികളുടെ പകൽ കൊള്ളയ്ക്കുമെതിരെ പ്രവാസി വെൽഫെയർ അൽ ഖഫ് ജി റീജിയണൽ കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പ്രവർത്തനമാരംഭിച്ചു ആദ്യ രണ്ടു കൊല്ലം കൊണ്ട് യാത്രികരുടെ എണ്ണത്തിൽ റെക്കോർഡ് വളർച്ച കൈവരിച്ച കണ്ണൂർ എയർപോർട്ടിനെ അഞ്ചാം കൊല്ലത്തിൽ ഞെക്കി കൊള്ളുന്ന നിലപാടാണ് സർക്കാർ കൈ കൊള്ളുന്നത്. പ്രവാസികളുടെ ഉൾപ്പെടെ നിക്ഷേപം ഉള്ള ഒരു പൊതു-സ്വകാര്യ സംരംഭമായ കിയാലിനെ നിലനിർത്താൻ സംസ്ഥാന സർക്കാരിന്റെയും കൃത്യമായ ഇടപെടൽ ഉണ്ടാകണമെന്ന് സംഗമം ആവശ്യപ്പെട്ടു. അൽ ഖഫ് ജി ക്ലബ്ബ് ഹാളിൽ നടന്ന പരിപാടിയിൽ മാധ്യമ പ്രവർത്തകൻ അൻസാർ കൊച്ചുകലുങ്ക് വിഷയം അവതരിപ്പിച്ചു സംസാരിച്ചു. അൽ ഖഫ് ജി റീജിയണൽ കമ്മിറ്റി പ്രസിഡന്റ് അൻവർ ഫസൽ അധ്യക്ഷത നിർവ്വഹിച്ചു. ഷൗക്കത്ത് കണ്ണൂർ, ഷിഹാബ് തിരൂരങ്ങാടി, അബ്ദുൽ നാസർ കോട്ടപ്പുറത്ത്, മുരളി പാലക്കാട് എന്നിവർ സംസാരിച്ചു. ഷമീം പാണക്കാട് സ്വാഗതവും സൈഫ് കെ പി നന്ദിയും രേഖപ്പെടുത്തി. അഷറഫ് ആലപ്പുഴ, ഉനൈസ് മണാട്ടിൽ, നിയാസ് കോട്ടപ്പുറത്ത്, ഫിറോസ് പൂളൻകുന്നേൽ എന്നിവർ സംഗമത്തിന് നേതൃത്വം നൽകി.
![]()
