പത്തനതിട്ട: ശബരിമലയിലെത്തുന്ന അയ്യപ്പഭക്തർക്ക് സൗജന്യ വൈഫൈ ലഭ്യമാക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പദ്ധതിക്ക് നാളെ തുടക്കമാവും. പദ്ധതിയുടെ ആദ്യഘട്ടത്തിൽ നടപ്പന്തലിലും പരിസരങ്ങളിലുമാകും സൗജന്യ വൈഫൈ ലഭിക്കുക. ഡിസംബർ 30 മുതൽ സന്നിധാനത്തെ 15 കേന്ദ്രങ്ങളിലും സൗജന്യ വൈഫൈ സൗകര്യം ലഭ്യമാകുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് പറഞ്ഞു. ബി.എസ്.എൻ.എല്ലുമായി സഹകരിച്ച് ശബരിമല സന്നിധാനത്തും പരിസരങ്ങളിലുമായി 15 ഇടങ്ങളിലാണ് ഇന്റർനെറ്റ് ലഭ്യമാക്കുന്നതിന് സൗജന്യ വൈഫൈ സേവനം ഒരുക്കുന്നത്. കൂടാതെ ദേവസ്വം വക മൂന്ന് സ്റ്റാഫ് ക്വാർട്ടേഴ്സുകളിലും സൗജന്യ വൈഫൈ ലഭിക്കും.ആദ്യ അരമണിക്കൂർ സൗജന്യമായി ഉപയോഗിക്കാം. തുടർന്ന് ഒരു ജിബിക്ക് ഒൻപത് രൂപ നിരക്കിൽ ഈടാക്കുമെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു.ഒരു സിമ്മിൽ നിന്ന് ആദ്യ അരമണിക്കൂർ സൗജന്യം എന്ന നിലയിലാണ് വൈഫൈ ലഭിക്കുക.
![]()
