കുവൈറ്റ്: കഴിഞ്ഞ ദിവസം മരണപ്പെട്ട കുവൈറ്റ് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ ഖബറടക്കം കഴിഞ്ഞു. രാവിലെ പത്തു മണിയോടുകൂടി ഖബറടക്കൽ ചടങ്ങുകൾ പൂർത്തിയായി. ഔദ്യോഗിക ബഹുമതികളോടെയാണ് ഖബറടക്കം നടന്നത്. അസ്സബാഹ് രാജകുടുംബവും കുവൈത്ത് ഭരണനേതൃത്വവും, ഉന്നത ഉദ്യോഗസഥരും കബറടക്ക ചടങ്ങിൽ പങ്കെടുത്തു. അമീറിന് ആയിരങ്ങളാണ് വൈകാരികമായ യാത്രയയപ്പ് നൽകിയത്. ഞായറാഴ്ച രാവിലെ ഒമ്പതോടെ ബിലാൽ ബിൻ റബാഹ് മസ്ജിദിൽ മൃതദേഹം എത്തിച്ചു. തുടർന്ന് മയ്യിത്ത് നമസ്കാര ശേഷം രാജകുടുംബങ്ങളുടെ അകമ്പടിയോടെ ഖബർസ്ഥാനിലേക്ക് കൊണ്ടുപോകുകയായിരുന്നു. പത്തുമണിയോട് കൂടി ചടങ്ങുകൾ പൂർത്തിയായി. ജനങ്ങളുടെ ഹൃദയങ്ങളിൽ ജീവിച്ചിരുന്ന അമീർ ആഴ്ചകളായി രോഗബാധിതനായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് നവംബർ അവസാനം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്നാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. അമീറിന്റെ മരണത്തിൽ രാജ്യം നാൽപതു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.
![]()
