കോട്ടയം: അന്ത്യാഭിവാദ്യ മുദ്രാവാക്യങ്ങൾ മുഴക്കി സഖാവിനു വിട ചൊല്ലി പാർട്ടി പ്രവർത്തകർ.സിപിഐ നേതാക്കളുടെ ലാല്‍സലാം വിളികള്‍ക്കിടെ മകന് സന്ദീപ് ആണ് ചിതയ്ക്ക് തീ കൊളുത്തിയത്.പ്രിയ സഖാവെ ലാല്‍സലാം, ഇല്ലയില്ല മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ തുടങ്ങിയ മുദ്രാവാക്യങ്ങളിലൂടെ മന്ത്രിമാര്‍ അടക്കമുള്ള സിപിഐ നേതാക്കള്‍ കാനം രാജേന്ദ്രന് വൈകാരികമായ യാത്രയയപ്പാണ് നല്‍കിയത്.സംസ്ക്കാര ചടങ്ങുകൾ കാനത്തെ വീട്ടുവളപ്പിൽ 11 മണിയോടെ പൂർത്തിയായി. ഔദ്യോഗിക ബഹുമതികളോടെയാണ് കാനം രാജേന്ദ്രന്റെ സംസ്ക്കാര ചടങ്ങുകൾ നടന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും സിപിഐ ജനറൽ സെക്രട്ടറി ഡി രാജയും ഉൾപ്പടെ ഒട്ടേറെ പ്രമുഖർ സംസ്ക്കാരചടങ്ങിനെത്തിയിരുന്നു. നൂറുകണക്കിന് പ്രവർത്തകരും കാനത്തിന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ എത്തിച്ചേർന്നിരുന്നു.മുഖ്യമന്ത്രി പിണറായി വിജയന് കാനത്തിന്റെ വീട്ടിലെത്തി മൃതദേഹത്തില്‍ റീത്ത് സമര്‍പ്പിച്ച് അന്ത്യാഭിവാദ്യം അര്‍പ്പിച്ചിരുന്നു. സംസ്ഥാന മന്ത്രിമാര്‍, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ വീട്ടുവളപ്പില്‍ നടന്ന സംസ്കാര ചടങ്ങില്‍ പങ്കെടുത്തു.
പുലര്‍ച്ചെ മൂന്നുമണിയോടെ വീട്ടിലെത്തിച്ച കാനത്തിന്റെ മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ പതിനായിരക്കണക്കിന് പേരാണ് ഒഴുകിയെത്തിയത്. തിരുവനന്തപുരത്തു നിന്നും വിലാപയാത്ര കടന്നുപോയ വഴി നീളെ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്കു കാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കാനും വന്‍ ജനാവലിയാണ് തടിച്ചുകൂടിയത്.
വെള്ളിയാഴ്ച വൈകീട്ടാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് കാനം രാജേന്ദ്രന് ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ചത്. 52 വര്‍ഷം സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗമായിരുന്നു കാനം. രണ്ട് തവണ വാഴൂര്‍ നിയോജക മണ്ഡലത്തില്‍ നിന്ന് എംഎല്‍എ ആയിട്ടുണ്ട്. 1982ലും 1987ലുമാണ് കാനം നിയമസഭയിലെത്തിയത്. മൂന്ന് തവണ സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്നു.
![]()
