റിപ്പോർട്ട് :അബ്ദുൽ റഊഫ് കൊണ്ടോട്ടി,ഖത്തർ
ദോഹ :ഖത്തറിൽ താമസക്കാരായ പ്രവാസികൾക്ക് കുടുംബങ്ങളെ കൊണ്ടുവരുന്നതിനുള്ള നടപടികൾ എളുപ്പമാക്കി താമസ,സന്ദർശക വിസകളിൽ കുടുംബങ്ങളെ കൊണ്ടുവരുന്നതിനുള്ള മാനദണ്ഡങ്ങൾ പ്രസിദ്ധികരിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം.ഫാമിലി റെസിഡൻസി,സന്ദർശക വിസ എന്നിവയ്ക്കായി മെട്രാഷ് രണ്ട് ആപ്ലിക്കേഷൻ വഴി അപേക്ഷ നൽകണം.
സർക്കാർ,അർധസർക്കാർ ജീവനക്കാർക്ക് കുറഞ്ഞത് 10,000 റിയാൽ ശമ്പളക്കാരായിരിക്കുകയും വേണം.സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന ടെക്നികൽ,സ്പെഷ്യലൈസ്ഡ് വിഭാഗം (തൊഴിലാളികൾ അല്ലാത്തവർ)പ്രഫഷണലുകൾക്കാണ് കുടുംബ വിസക്ക് അപേക്ഷിക്കാനുള്ള അവസരമുള്ളത്. ഇവർ ചുരുങ്ങിയത് 10,000 റിയാൽ ശമ്പളക്കാരായിരിക്കണം അല്ലങ്കിൽ 6000 റിയാൽ ശമ്പളവും കമ്പനിയുടെ കീഴിൽ കുടുംബ താമസ സൗകര്യവുമുള്ളവർ ആയിരിക്കുകയും ഇത് തൊഴിൽ കരാറിൽ വ്യക്തമാക്കുകയും വേണം.
കുടുംബ റെസിഡൻസി വിസക്കാർ സ്വന്തം സ്പോൺസർഷിപ്പിൽ കുടുംബ റെസിഡൻസി വിസക്ക് അപേക്ഷിക്കുമ്പോൾ ആൺ മക്കൾക്ക് 25ന് മുകളിൽ പ്രായമുണ്ടാവാൻ പാടില്ല. പെൺമക്കൾ അവിവാഹിതരായിരിക്കുകയും വേണം.കൂടാതെ ആറിനും 18നുമിടയിൽ പ്രായമുള്ള മക്കൾ ഖത്തറിലോ, രാജ്യത്തിന് പുറത്തോ വിദ്യഭ്യാസം നൽകുന്നതായി സാക്ഷ്യപ്പെടുത്തണം. കുടുംബത്തിന് ആരോഗ്യ ഇൻഷുറൻസ് ഉറപ്പാക്കേണ്ടതും നിർബന്ധമാണ്.
സന്ദർശക വിസയിൽ അടുത്ത ബന്ധുക്കളെ കൊണ്ടുവരാൻ ചുരുങ്ങിയത് അയ്യായിരം ഖത്തർ റിയാൽ ശമ്പളവും കൊണ്ടുവരുന്ന ആളിന്റെ വിസ സ്റ്റാറ്റസ് ലേബർ ആയിരിക്കാനും പാടില്ല. ബന്ധപ്പെട്ട അധികാരികളുടെ അംഗീകാരത്തോടെയുള്ള താമസ സൗകര്യവും സന്ദർശക വിസയുടെ കാലാവധിയുള്ള ഇൻഷൂറൻസും ഉണ്ടാവണം. പ്രായ പരിധിയെക്കുറിച്ച് വിജ്ഞാപനത്തിൽ പരാമർശമില്ല.പരിഷ്കരിച്ച നടപടിക്രമങ്ങളും ചട്ടങ്ങളും ഇപ്പോൾ തന്നെ നിലവിൽ വന്നു.
![]()
