മുംബൈ : സൗത്താഫ്രിക്കയില്‍ നടക്കാനിരിക്കുന്ന ടെസ്റ്റ്, ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമുകളെ സെലക്ഷന് കമ്മിറ്റി പ്രഖ്യാപിച്ചിരിക്കുകയാണ്. മൂന്നു വീതം ഏകദിനങ്ങളും ടി20കളും രണ്ടു ടെസ്റ്റുകളുമാണ് ഇന്ത്യയുടെ സൗത്താഫ്രിക്കന്‍ പര്യടനത്തിലുള്ളത്. ഈ മാസം 10 മുതല്‍ ടി20 പരമ്പരയോടെയാണ് പര്യടനത്തിനു തുടക്കമാവുക. മൂന്നു വ്യത്യസ്ത ക്യാപ്റ്റന്മാരാണ് ഈ പരമ്പരകളില്‍ ഇന്ത്യയെ നയിക്കുക. ടെസ്റ്റ് ടീമിനെ രോഹിത് ശര്‍മ നയിക്കുമ്പോള്‍ ഏകദിനത്തില്‍ കെഎല്‍ രാഹുലും ടി20യില്‍ സൂര്യകുമാര്‍ യാദവുമാണ് ക്യാപ്റ്റന്മാര്.
പരിമിത ഓവറില്‍ നിന്ന് വിരാട് കോലിയും രോഹിത് ശര്‍മയും വിട്ടുനില്‍ക്കുന്നതോടെ യുവതാരങ്ങളുടെ നിരയാണ് ഇന്ത്യക്കൊപ്പമുള്ളത്. ഏകദിന, ടി20 പരമ്പര ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ടുതന്നെ ഏറ്റവും മികച്ച പ്രകടനം തന്നെ ടീമില്‍ നിന്ന് പ്രതീക്ഷിക്കുന്നു.
ഏകദിനത്തില്‍ സഞ്ജു സാംസണെയും ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയ്ക്കൊപ്പം ശക്തമായ താരനിരയുണ്ട്. അതുകൊണ്ടുതന്നെ പരമ്പര നേട്ടം ഇന്ത്യക്ക് എളുപ്പമാവില്ല. ഏകദിനത്തില്‍ ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുന്ന ബെസ്റ്റ് 11ല്‍ ആരൊക്കെ ഉള്‍പ്പെടുമെന്ന് പരിശോധിക്കാം. ഓപ്പണര്‍മാരായി റുതുരാജ് ഗെയ്ക് വാദും സായ് സുദര്‍ശനും എത്താനാണ് സാധ്യത. ഇടം കൈയന്‍ ബാറ്റ്സ്മാനായ സായ് സുദര്ശന് ആദ്യമായാണ് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തുന്നത്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിച്ച് മികവ് കാട്ടാന്‍ സായ് സുദര്ശന് സാധിച്ചിട്ടുണ്ട്. എന്നാല്‍ ദക്ഷിണാഫ്രിക്കയിലെ സാഹചര്യത്തിലെ പ്രകടനം കണ്ടറിയണം. രജത് പാട്ടീധാര്‍ ഇന്ത്യന്‍ ടീമിലുണ്ട്. എന്നാല്‍ ഇടം കൈയന്‍ ഓപ്പണറെന്ന നിലയില്‍ സായ് സുദര്ശന് അവസരം ലഭിച്ചേക്കും. മൂന്നാം നമ്പറില്‍ ശ്രേയസ് അയ്യര്‍ കളിക്കുമെന്നുറപ്പ്. വിരാട് കോലിയുടെ അഭാവത്തില്‍ മൂന്നാം നമ്പറില്‍ കളിക്കുന്നത് ശ്രേയസ് അയ്യരാണ്. മികച്ച റെക്കോഡും ശ്രേയസിന്റെ പേരിലുണ്ട്.
നാലാം നമ്പറില്‍ കെ എല്‍ രാഹുലിനാണ് അവസരം. ഏകദിന പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത് രാഹുലാണ്. ഏകദിന ലോകകപ്പില്‍ മികച്ച പ്രകടനമാണ് രാഹുല്‍ കാഴ്ചവെച്ചത്. അനുഭവസമ്പന്നനായ രാഹുലിന്റെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമായി മാറുമെന്നുറപ്പ്. ദക്ഷിണാഫ്രിക്കയിലെ പിച്ച് പേസിന് അനുകൂലമാണ്. അതുകൊണ്ടുതന്നെ ബാറ്റ്സ്മാന്മാര്ക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്ന കാര്യം ഉറപ്പാണ്. അഞ്ചാം നമ്പറില്‍ സഞ്ജു സാംസണാണ് അവസരം.
ഇടവേളക്ക് ശേഷമാണ് സഞ്ജു ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുന്നത്. ഏഷ്യാ കപ്പില്‍ നിന്നും ഏകദിന ലോകകപ്പില്‍ നിന്നും തഴയപ്പെട്ട സഞ്ജുവിനെ ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന ടീമിലാണ് ഉള്‍പ്പെടുത്തിയത്. എന്നാല്‍ ടി20 ടീമില്‍ നിന്ന് തഴഞ്ഞു. ഏകദിന പരമ്പരയില്‍ പ്ലേയിങ് 11ല്‍ സഞ്ജുവിന് സീറ്റുണ്ടാവുമെന്നുറപ്പ്. ആറാം നമ്പറില്‍ തിലക് വര്‍മക്കാണ് അവസരം. ഇടം കൈയന്‍ ബാറ്റ്സ്മാനായ തിലകിനെ സ്പിന്നറെന്ന നിലയിലും ഉപയോഗിക്കാം.
റിങ്കു സിങ്ങിനെ ഇന്ത്യ പ്ലേയിങ് 11ല്‍ പരിഗണിക്കാന്‍ സാധ്യതയില്ല. ഏഴാം നമ്പറില്‍ അക്ഷര്‍ പട്ടേലിനെ ഇന്ത്യ പരിഗണിച്ചേക്കും. ഇടം കൈയന്‍ ബാറ്റ്സ്മാനും സ്പിന്നറുമായ അക്ഷറിന്റെ പ്രകടനവും നിര്‍ണ്ണായകമാവും. എട്ടാം നമ്പറില്‍ പേസ് ഓള്‍റൗണ്ടറായ ദീപക് ചഹാറാവും ഉണ്ടാവുക. ഇടവേളക്ക് ശേഷമാണ് ദീപക് മടങ്ങിയെത്തുന്നത്. പരിക്കിന്റെ ഇടവേളയിലായിരുന്നു ദീപക്. ഹാര്‍ദിക്കിന്റെ അഭാവത്തില്‍ ദീപക്കിന്റെ പ്രകടനത്തില്‍ ഇന്ത്യക്ക് പ്രതീക്ഷകളേറെയാണ്.
സ്പിന്നറായി കുല്‍ദീപ് യാദവുണ്ടാവും. ദക്ഷിണാഫ്രിക്കയില്‍ പേസ് പിച്ചായതിനാല്‍ മൂന്ന് സ്പെഷ്യലിസ്റ്റ് പേസര്‍മാര്‍ക്ക് സീറ്റുറപ്പാണ്, ആവേശ് ഖാന്, അര്‍ഷ്ദീപ് സിങ് എന്നിവര്‍ ദീപക് ചഹാറിനൊപ്പമുണ്ടാവും.
![]()
