അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ എക്സിറ്റ്പോള്‍ ഫലങ്ങള്‍ പുറത്ത്.
മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഭൂരിഭാഗം അഭിപ്രായ സര്‍വേകളും പ്രവചിക്കുന്നത്. ചില സര്‍വേകള്‍ കോണ്‍ഗ്രസിന് നേരിയ മുൻതൂക്കം നല്കുന്നു. രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ അശോക് ഗെഹ്ലോട്ടിന് അധികാരം നഷ്ടമാകുമെന്നും ബി.ജെ.പി ഭരണം പിടിക്കുമെന്നും സര്‍വേകള്‍ പറയുന്നു. പക്ഷേ ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തുമെന്നാണ് പ്രവചനം. തെലങ്കാനയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നാണ് പ്രവചനങ്ങള്‍. മിസോറാമില്‍ എം.എൻ.എഫ്, സെഡ്.പി.എം പാര്‍ട്ടികള്‍ക്കാണ് സര്‍വേകളില്‍ മുൻതൂക്കം.
ജൻ കി ബാത്തിന്റെ എക്സിറ്റ് പോള്‍ പ്രകാരം മധ്യപ്രദേശില്‍ 102 മുതല്‍ 125 സീറ്റുകള്‍ വരെ കോണ്‍ഗ്രസ് നേടും. 100 മുതല്‍ 123 സീറ്റുകള്‍ വരെയായിരിക്കും ബി.ജെ.പി ലഭിക്കുക. ടി.വി 9 ഭാരത്വര്ഷ്-പോള്‍സ്ട്രാറ്റിന്റെ സര്‍വേ പ്രകാരം 111 മുതല്‍ 121 സീറ്റുകള്‍ കോണ്‍ഗ്രസിന് ലഭിക്കുമ്പോള്‍ 106 മുതല്‍ 116 വരെ സീറ്റുകളായിരിക്കും ബി.ജെ.പിക്ക് ലഭിക്കുക. അതേസമയം, മാട്രൈസിന്റെ സര്‍വേ ബി.ജെ.പിക്കാണ് മുൻതൂക്കം പ്രവചിക്കുന്നത്. 118 മുതല്‍ 130 സീറ്റുകള്‍ വരെ വോട്ടുകള്‍ നേടി ബി.ജെ.പി അധികാരത്തിലെത്തുമെന്ന് സര്‍വേ പ്രവചിക്കുന്നു.
രാജസ്ഥാനില്‍ ജൻ കീ ബാത്തിന്റേയും ഭാരത്വര്ഷ്-പോള്സ്ട്രാറ്റിന്റേയും സര്‍വേകള്‍ ബി.ജെ.പിക്കാണ് മുൻതൂക്കം പ്രവചിക്കുന്നത്. 100 മുതല്‍ 122 സീറ്റുകളില്‍ ബി.ജെ.പി വിജയിക്കുമ്പോള്‍ കോണ്‍ഗ്രസ് 62 മുതല്‍ 85 സീറ്റുകളില്‍ ഒതുങ്ങും. ടി.വി 9 ഭാരത്വര്ഷ്-പോള്‍സ്ട്രാറ്റിന്റെ പ്രവചനപ്രകാരം 100 മുതല്‍ 110 വരെ സീറ്റുകളില്‍ ബി.ജെ.പി വിജയിക്കുമ്പോള്‍ 90 മുതല്‍ 100 സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിക്കും.
ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തുമെന്നാണ് പ്രവചനം. എ.ബി.പി ന്യൂസ്-സി വോട്ടര്‍ സര്‍വേ പ്രകാരം 36 മുതല്‍ 48 വരെ സീറ്റുകള്‍ ബി.ജെ.പിക്ക് ലഭിക്കും. 41 മുതല്‍ 53 സീറ്റുകള്‍ വരെയാണ് കോണ്‍ഗ്രസിന് ലഭിക്കുക. ഇൻഡ്യ ടുഡേ-ആക്സിസ് മൈ ഇൻഡ്യ സര്‍വേ 36 മുതല്‍ 46 വരെ സീറ്റുകളില്‍ ബി.ജെ.പി വിജയം പ്രവചിക്കമ്പോള് 40 മുതല്‍ 50 വരെ സീറ്റുകളില്‍ കോണ്‍ഗ്രസ് ജയിക്കുമെന്ന് വ്യക്തമാക്കുന്നു.
മിസോറാമില്‍ ഇന്ത്യ ടി.വി-സി.എൻ.എക്സ് സര്‍വേ മിസോ നാഷണല്‍ ഫ്രണ്ടിനാണ് മുൻതൂക്കം പ്രവചിക്കുന്നത്. 14 മുതല്‍ 18 വരെ സീറ്റുകള്‍ എം.എൻ.എഫിന് ലഭിക്കും. സോറം പീപ്പിള്‍സ് മൂവ്മെന്റ് പാര്‍ട്ടിക്ക് 12 മുതല്‍ 16 വരെ സീറ്റുകള്‍ ലഭിക്കും. കോണ്‍ഗ്രസിന് പരമാവധി 10 സീറ്റായിരിക്കും ലഭിക്കുക. ജൻ കീ ബാത്തിന്റെ സര്‍വേ സോറം പീപ്പിള്‍സ് മൂവ്മെന്റിനാണ് നേരിയ മുൻതൂക്കം പ്രവചിക്കുന്നത്. 15 മുതല്‍ 25 സീറ്റുകള്‍ വരെയാവും സോറം പീപ്പിള്‍സ് മൂവ്മെന്റ് നേടുക. മിസോ നാഷണല്‍ ഫ്രണ്ട് 10 മുതല്‍ 14 സീറ്റുകളില്‍ വിജയിക്കുമ്പോള്‍ കോണ്‍ഗ്രസ് അഞ്ച് മുതല്‍ ഒമ്പത് സീറ്റിലൊതുങ്ങും ബി.ജെ.പിക്കും പൂജ്യം മുതല്‍ രണ്ട് സീറ്റ് വരെയായിരിക്കും ലഭിക്കുക.
തെലങ്കാനയില്‍ ബി.ആര്.എസിനെ തകര്‍ത്ത് കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നാണ് എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. ഇന്ത്യ ടി.വി-സി.എൻ.എക്സ് സര്‍വേ പ്രകാരം ബി.ആര്.എസിന് പരമാവധി 47 സീറ്റുകള്‍ ലഭിക്കുമ്പോള്‍ 79 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് അധികാരത്തിലെത്തും. ബി.ജെ.പിക്ക് പരമാവധി നാല് സീറ്റുകളായിരിക്കും ലഭിക്കുക. അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എം ഏഴ് സീറ്റുകള്‍ നേടും.
ജൻ കീ ബാത്തിന്റെ സര്‍വേ പ്രകാരം 48 മുതല്‍ 64 സീറ്റുകള്‍ വരെ നേടി കോണ്‍ഗ്രസ് തെലങ്കാനയില്‍ അധികാരത്തിലെത്തും. ബി.ആര്.എസ് 40 മുതല്‍ 55 സീറ്റില്‍ ഒതുങ്ങും. ബി.ജെ.പിക്ക് പരമാവധി 13 സീറ്റുകള്‍ ലഭിക്കുമ്പോള്‍ എ.ഐ.എം.ഐ.എമ്മിന് ഏഴ് സീറ്റുകള്‍ വരെ കിട്ടും. ടി.വി 9 ഭാരത്വര്ഷ്-പോള്‍സ്ട്രാറ്റിന്റെ സര്‍വേയും തെലങ്കാനയില്‍ കോണ്‍ഗ്രസിനാണ് മുൻതൂക്കം നല്‍കുന്നത്. 59 വരെ സീറ്റുകള്‍ നേടി കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നാണ് പ്രചവനം.
![]()
