റിയാദ്:ആഗോള മലയാളികളുടെ അറിവുത്സവമായി മലർവാടിയും സ്റ്റുഡന്റ്സ് ഇന്ത്യയും സംഘടിപ്പിക്കുന്ന മീഡിയ വൺ ലിറ്റിൽ സ്കോളർ പ്രശ്നോത്തരി മത്സരത്തിന്റെ മധ്യപ്രവിശ്യയിലെ ഔപചാരിക രജിസ്ട്രേഷൻ ഉദ്ഘാടനം റിയാദിൽ നടന്നു. സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) റിയാദ് ചാപ്റ്റർ ചെയർമാനും മുൻ സേവ സ്കൂൾ ചെയർമാനുമായ നവാസ് റഷീദ് നിർവ്വഹിച്ചു.മലസിലെ അൽമാസ് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിൽ വിദ്യാർഥികളും മലർവാടി മെന്റർമാരും ലിറ്റിൽ സ്കോളർ കർമ്മസമിതിയംഗങ്ങളും പങ്കെടുത്തു.’കുട്ടികളെയും കൗമാരക്കാരെയും അറിവിന്റെ പുതിയ വിഹായസ്സിലേക്ക് നയിക്കുന്ന വിജ്ഞാനോത്സവം,കഴിവുകളെ മാറ്റുരക്കുവാനും
തിരിച്ചറിവിന്റെ പുതിയ പാഠങ്ങൾ ലഭിക്കുവാനും പ്രാപ്തമാക്കു’മെന്ന് നവാസ് റഷീദ് അഭിപ്രായപ്പെട്ടു.പരിപാടിക്ക് പൂർണ വിജയവും ആശംസകളും അദ്ദേഹം നേർന്നു. കർമ്മസമിതിയംഗങ്ങളായ ശുക്കൂർ പൂക്കയിൽ, അസീസ് പൊറ്റശ്ശേരി, സുഹൈൽ, നജാത്തുല്ല എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ഡിസംബർ 02-ന് ശനിയാഴ്ച രാവിലെയാണ് ആദ്യ മത്സരം.ഗ്ലോബൽ തലത്തിൽ നടക്കുന്ന ക്വിസ് പരിപാടിയിൽ റിയാദിലും ഖസീമിലുമായി നിന്ന് 3 സെന്ററുകളിലായി 2000-ത്തോളം കുട്ടികൾ പങ്കെടുക്കും. നവംബർ 20-ന് മുമ്പായി മത്സരാർത്ഥികൾ രജിസ്ട്രേഷൻ ഓൺലൈനിൽ പൂർത്തിയാക്കണം. മൂന്നു മുതൽ പ്ലസ് ടു ക്ലാസിൽ പഠിക്കുന്ന മലയാളികളായ മുഴുവൻ വിദ്യാർഥികൾക്കും മത്സരത്തിൽ പങ്കെടുക്കാമെന്ന് സംഘാടക സമിതി അസി.കൺവീനർ റഹ്മത്ത് തിരുത്തിയാട് പറഞ്ഞു. 3,4,5 ജൂനിയർ, 6,7,8 സബ് ജൂനിയർ, 9,10,11,12 സീനിയർ എന്നിങ്ങനെ മൂന്ന് ഗ്രൂപ്പുകൾക്ക് വേണ്ടി പ്രത്യേകം മത്സരങ്ങൾ നടക്കും. മൂന്ന് ഘട്ടങ്ങളിൽ വിജയിക്കുന്ന വിദ്യാർഥികളായിരിക്കും മീഡിയ വൺ ഫ്ലോറിൽ നടക്കുന്ന മെഗാഫിനാലെയിൽ എത്തുക. ഒ.എം.ആർ ഷീറ്റിൽ രേഖപ്പെടുത്തുന്ന ആദ്യറൗണ്ട്, ക്വിസ് മാസ്റ്റർ നയിക്കുന്ന രണ്ടാം റൗണ്ട്, സൗദി തലത്തിൽ ഓൺലൈനായി നടക്കുന്ന ഫൈനൽ റൗണ്ട് എന്നിവക്ക് ശേഷമാണ് നാട്ടിൽ നടക്കുന്ന മെഗാഫിനാലെ. ലക്ഷങ്ങൾ മൂല്യമുള്ള സമ്മാനങ്ങൾ വിവിധ റൗണ്ടുകളിൽ ജേതാക്കൾക്ക് ലഭിക്കുമെന്ന് ലിറ്റിൽ സ്കോളർ വൃത്തങ്ങൾ പറഞ്ഞു. പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റുകൾ ലഭിക്കും. 80% മാർക്ക് നേടുന്നവർക്ക് സിൽവർ കളർ മെഡലുകളും 90% മാർക്ക് ലഭിക്കുന്നവർക്ക് ഗോൾഡ് കളർ മെഡലുകളും ലഭിക്കും. കൂടാതെ ഓരോ കാറ്റഗറിയിലും വിജയിക്കുന്നവർക്ക് പ്രത്യേകം സമ്മാനങ്ങളും ലഭിക്കും. 12 ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് മെഗാ ഫിനാലെയിൽ പങ്കെടുക്കുന്നവരെ കാത്തിരിക്കുന്നത്. അറിവിന്റെയും തിരിച്ചറിവിന്റെയും പുതിയ ലോകത്തേക്ക് മുഴുവൻ വിദ്യാർത്ഥികളെയും സ്വാഗതം ചെയ്യുന്നതായും നവംബർ 20-ന് മുമ്പായി രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്നും (https://littlescholar.mediaoneonline.com) മലർവാടി, സ്റ്റുഡന്റ്സ് ഇന്ത്യ കോഓർഡിനേറ്റർമാരായ സാജിദ് ചേന്ദംമംഗല്ലൂരും റെനീസ് തൊടുവയിലും പറഞ്ഞു.
![]()
