തൃശ്ശൂർ: സംസ്ഥാനത്ത് നാളെ കെ എസ് യു പഠിപ്പ് മുടക്ക് സമരം നടത്തും. കേരള വര്‍മ കോളേജിലെ തിരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് മന്ത്രി ആര്. ബിന്ദുവിന്റെ വസതിയിലേക്ക് കെ എസ് യു നടത്തിയ മാർച്ചിനെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് പഠിപ്പ് മുടക്ക്. സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കി സമരവുമായി സഹകരിക്കാന്‍ കെ എസ് യു സംസ്ഥാന കമ്മിറ്റി വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു.
മാർച്ച് നടത്തിയ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇത് ഫലം കാണാതെ വന്നതോടെ പൊലീസ് ലാത്തി ചാർജ്ജ് നടത്തി. ലാത്തിയടിയില്‍ കെഎസ്യു സംസ്ഥാന എക്സിക്യുട്ടീവ് അംഗം നസിയ ഉള്‍പ്പെടേയുള്ളവർക്ക് പരിക്കേറ്റു. നസിയയുടെ മുഖത്താണ് അടിയേറ്റത്. ജില്ലാ കമ്മിറ്റിയംഗം അഭിജിത്തിന്റെ തലയ്ക്കും അടിയില്‍ പരുക്കേറ്റിട്ടുണ്ട്. പ്രകോപനമില്ലാതെ പൊലീസ് ലാത്തിവീശിയെന്ന് ആരോപിച്ച് കെ എസ് യു പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. ഇതിനിടയില്‍ കേരളീയത്തിന്റെ പ്രചരണ സാമഗ്രികളും പ്രവർത്തകർ തകർത്തു.
![]()
