റിയാദ് :നാല് പതിറ്റാണ്ട് പ്രവാസമവസാനിപ്പിച്ചു മടങ്ങുന്ന പ്രമുഖ മത പ്രബോധകനും ബഹുഭാഷാ പണ്ഡിതനും ഗ്രന്ഥകാരനുമായ സിദ്ധീഖ് എം. എ. വെളിയങ്കോടിനു സഊദി ഇന്ത്യൻ ഇസ്ലാഹി സെൻ്റർ റിയാദ് കമ്മിറ്റി യാത്രയപ്പ് നൽകി.
സൗദി യൂണിവേഴ്സിറ്റിയിൽ പഠനവും തുടർന്ന് ഡിഫൻസ് മിനിസ്ട്രി യിലും പ്രമുഖ കമ്പനികളിലുമായി റിയാദിൽ മാത്രമായി ട്രാൻസ്ലേഷൻ ജോലിയിൽ ദീർഘകാലം സേവനമനുഷ്ഠിച്ച് വരികയായിരുന്നു ഇദ്ദേഹം.
റിയാദിലെ വിവിധ ജുമുഅത്ത് പള്ളികളിൽ ഖുതുബ പരിഭാഷ ഉൾപ്പെടെ നിരവധി ഇസ്ലാമിക ദഅവത്ത് ക്ലാസ്സുകൾക്ക് നേതൃത്വം നൽകിയിരുന്നു ഇദ്ദേഹം റിയാദിൽ ഇസ്ലാഹി സെന്റർ രൂപീകരിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചതും കൂടാതെ ആദ്യകാല കേരള ചന്ദ്രിക റീഡേർസ് ഫോറം, കേരള മുസ്ലിം കൾച്ചറൽ സെൻ്റർ തുടങ്ങിയവയുടെ സ്ഥാപക ചെയർമാനും കൂടിയാണ് സിദ്ദീഖ് വെളിയങ്കോട്.
കേരളത്തിലെ പ്രമുഖ യൂണിവേഴ്സിറ്റിയിൽ നിന്ന് അറബി ഭാഷയിൽ പി. എച്ച് ഡി ഡോക്ടറേറ്റ് നു വേണ്ടി ഫൈനൽ റിസർച്ച് തിസീസ് സമർപ്പിക്കാനിരിക്കുകയാണിപ്പോൾ. ഈ ഗവേഷണ പഠനം നാല് പ്രമുഖ മദ്ഹബുകളുടെ സ്ഥാപക ഇമാമുകൾ സ്വന്തമായി എഴുതിയ കർമശാസ്ത്ര ഗ്രന്ഥങ്ങളിൽ ഉപയോഗിച്ച പദപ്രയോഗങ്ങളും വാക്കുകളുടെ അർത്ഥവികാസത്തെ സംബന്ധിച്ച അർത്ഥശാസ്ത്രതിലൂടെ കർമ്മശാസ്ത്രത്തിലെ പ്രധാന ചിന്താധാരകളിലൂടെയുള്ള താരതമ്യ പഠനവും അത് വഴി നാലു മദ്ഹബ് ഇമാമുമാർക്കിടയിലുള്ള അഭിപ്രായ സമന്വതയും വീക്ഷണ സമാനതയും തെളിയിക്കുന്ന ശ്രമകരമായ ഗവേഷണമാണ് അദ്ദേഹം നടത്തിയത്.
ഇംഗ്ലീഷ്, ഉറുദു, അറബി മലയാളം എന്നീ ഭാഷകളിൽ പ്രഭാഷണങ്ങളും രചനകളും ഭാഷാ മൊഴിമാറ്റവും നടത്തിയിട്ടുണ്ട്. അദ്ദേഹത്തിൻ്റെ നിരവധി ബുക്കുകൾ സൗദിയിലെ പ്രമുഖ പ്രസാധകരായ ദാറുസ്സലാം, ദാർ ഇബ്നു ഖുസൈമ, കാനഡയിലെ പ്രമുഖ പ്രസാധകരായ അൽ അതീഖ് ഇൻ്റെർ നാഷണൽ പബ്ലിഷേഴ്സ് തുടങ്ങിയവർ പ്രസിദ്ധീകരിക്കുകയും ജരീർ ബുക്സ് സ്റ്റോർ തുടങ്ങിയവർ വിതരണം നടത്തുകയും ചെയ്യുന്നു. തഫ്സീർ ഇബ്നു കഥീർ, സ്വഹീഹ് മുസ്ലിം തുടങ്ങിയ ബൃഹത്തായ ഇംഗ്ലീഷ് പരിഭാഷയുടെ ഇന്റർനാഷണൽ ടീം ലീഡർ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ് സിറാജ് തയ്യിലിന്റെ അധ്യക്ഷതയിൽ സെന്ററിൽ വെച്ച് നടന്ന പരിപാടിയിൽ പ്രവർത്തകർ അദ്ദേഹത്തിന് ആശംസകളും ഭാവുകങ്ങളും നേർന്നു.
സെക്രട്ടറി സാജിദ് ഓതായി സ്വാഗതവും വൈസ് പ്രസിഡന്റ് ഫസൽ റഹീം നന്ദിയും പറഞ്ഞു.
![]()
