ജിദ്ദ :സൗദി അറേബ്യായിൽ വിദേശ സർവകലാശാലകൾക്ക് ശാഖകൾ തുറക്കാൻ അനുമതി നൽകി. ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ കൗൺസിൽ ഓഫ് യൂനിവേഴ്സിറ്റി അഫയേഴ്സ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. സർവകലാശാലകളുടെ ശാഖകൾ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങളും അധികൃതർ വ്യക്തമാക്കി.
സർവകലാശാലയെക്കുറിച്ചുള്ള വിവരങ്ങളും അതിന്റെ പേരും സ്ഥലവും സ്ഥാപിച്ച തിയതിയും ഉൾപ്പെടെയുള്ള വിവരങ്ങളോടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. സർവകലാശാല ബ്രാഞ്ച് ഉൾപ്പെടുന്ന കോളേജുകൾ, ഡിപ്പാർട്ട്മെന്റുകൾ, ഗവേഷണ യൂനിറ്റുകൾ, സയന്റിഫിക് സ്പെഷ്യലൈസേഷനുകൾ എന്നിവയുടെ പ്രസ്താവനയും അതോടൊപ്പം സൗദിയിലെ സർവകലാശാല ശാഖയിൽ പഠനം ആരംഭിക്കുന്നത് എന്നാണെന്നും അപേക്ഷയിൽ വ്യക്തമാക്കണം.
ശാഖ സ്ഥാപിക്കുന്നതിനുള്ള അനുമതി ലഭിച്ചാൽ ലൈസൻസ് എടുക്കുകയാണ് അടുത്ത ഘട്ടം. മാതൃയൂനിവേഴ്സിറ്റിയിലെ അധ്യയന ഭാഷയാണ് ഇവിടെ അധ്യയന മീഡിയമായി ഉപയോഗിക്കേണ്ടത്. ശാഖ നൽകുന്ന സർട്ടിഫിക്കറ്റ് മാതൃസ്ഥാപനം സാക്ഷ്യപ്പെടുത്തണം. പ്രവർത്തനം ആരംഭിച്ചാൽ കൗൺസിലിന്റെ അനുമതിയില്ലാതെ ശാഖയുടെ പ്രവർത്തനം അവസാനിപ്പിക്കാനോ ഉടമസ്ഥാവകാശം മാറ്റാനോ സാധിക്കില്ല. വിദേശ സർവകലാശാല ചട്ടങ്ങൾ ലംഘിച്ചാൽ നിയമ ലംഘനങ്ങളുടെ ഗൗരവത്തിനനുസരിച്ച് മന്ത്രിക്കോ കൗൺസിലിനോ നടപടിയെടുക്കാൻ സാധിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
![]()
