ജിദ്ദ: അനുമതിയില്ലാതെ വഴിയോര കച്ചവടത്തിനായെത്തിയ ആറ് ടൺ പഴങ്ങളും പച്ചക്കറികളും ജിദ്ദ മുനിസിപ്പാലിറ്റി പിടിച്ചെടുത്തു. ജിദ്ദയിലെ അൽ-സഫ പരിസരത്തുള്ള അനധികൃത വഴിയോരക്കച്ചവടക്കാരിൽ നിന്നാണ് ഇവ മുനിസിപ്പാലിറ്റി പിടിച്ചെടുത്തത്. എയർപോർട്ട് സബ് മുനിസിപ്പാലിറ്റിയിലെ ഉദ്യോഗസ്ഥരാണ് നടപടി സ്വീകരിച്ചത്. ഉൽപ്പന്നങ്ങൾ കടത്താൻ ഉപയോഗിച്ച 14 തടി വണ്ടികളും സംഘം പിടിച്ചെടുത്തു. സമീപത്തെ റോഡുകളിലെയും നടപ്പാതകളിലെയും നിരവധി അനധികൃത കടകൾ ഉദ്യോഗസ്ഥർ നീക്കം ചെയ്തു. അനധികൃത വഴിയോര കച്ചവടങ്ങൾ തടയുക, സുരക്ഷിതമായ ഭക്ഷണ രീതികൾ പ്രചരിപ്പിക്കുക, നഗര വികസനം മെച്ചപ്പെടുത്തുക, ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുക എന്നിവക്കായി മുനിസിപ്പാലിറ്റി നിരവധി പ്രചാരണങ്ങൾ ആണ് ജിദ്ദയിൽ നടത്തുന്നത്. ഇത്തരം അനധികൃത വഴിയോര കച്ചവടങ്ങൾ പ്രോത്സാഹിപ്പിക്കരുതെന്നും ഇവ ശ്രദ്ധയിൽ പെട്ടാൽ ‘ബലഡി ആപ്പ്’ വഴിയോ അല്ലെങ്കിൽ 940 എന്ന എമർജൻസി നമ്പറിലോ അറിയിക്കണമെന്നും മുനിസിപ്പാലിറ്റി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
![]()
