കൊല്ലം :പരവൂരില്‍ വയോധികനെ ഹണിട്രാപ്പില്‍ കുടുക്കി 11 ലക്ഷം രൂപ തട്ടിയ സീരിയല്‍ നടിയും ആൺ സുഹൃത്തും അറസ്റ്റില്‍. പത്തനംതിട്ട സ്വദേശിനിയും സീരിയൽ താരവുമായ നിത്യ ശശിയും പരവൂര്‍ കലക്കോട് സ്വദേശി ബിനുവുമാണ് പിടിയിലായത്.
തിരുവനന്തപുരം പട്ടത്ത് താമസിക്കുന്ന വിമുക്തഭടനും കേരള സര്‍വ്വകലാശാല ജീവനക്കാരനുമായിരുന്ന 75 കാരനാണ് തേൻ കെണിയില്‍ പെട്ടത്. വിമുക്തഭടന്റെ കലക്കോട്ടെ വീട് വാടകക്കു ചോദിച്ച് ഫോണിലൂടെ ബന്ധം സ്ഥാപിച്ചാണ് കെണിയൊരുക്കിയത് . ഫോണ്‍ വിളിയിലൂടെ സൗഹൃദത്തിലായശേഷം കലയ്ക്കോട് ഉള്ള വീട്ടിലേക്കു വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി വസ്ത്രങ്ങള്‍ അഴിപ്പിച്ച് വിവസ്ത്രയായ നിത്യയ്ക്കൊപ്പം ചിത്രങ്ങള്‍ എടുത്തു. മുന്‍ നിശ്ചയിച്ച പ്രകാരം സ്ഥലത്തെത്തിയ വയോധികന്റെ ബന്ധു കൂടിയായ ബിനുവായിരുന്നു ഫോണില്‍ ചിത്രം പകര്‍ത്തിയത്.
ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 25 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു. നിരന്തരമായ ഭീഷണിക്കു പിന്നാലെ 11 ലക്ഷം രൂപ നല്കി. വീണ്ടും പണം ആവശ്യപ്പെട്ട് പ്രതികള്‍ ബ്ലാക്ക് മെയില്‍ പതിവായതോടെ ഈ മാസം 18നാണ് വിമുക്തഭടന് പരവൂര്‍ പോലീസില്‍ പരാതി നല്‍കിയത്.
പോലീസ് ആവശ്യപ്പെട്ട പ്രകാരം ബാക്കി പണം നൽകാമെന്ന വ്യാജേനെ പരാതിക്കാരന് പ്രതികളെ പട്ടത്തെ ഫ്ലാറ്റിലേക്കു വിളിച്ചു വരുത്തി. അവിടെ വച്ച് പരവൂര്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
![]()
