റിയാദ് :അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് സുബൈർകുഞ്ഞു ഫൗണ്ടേഷൻറെ ‘റിസ’ യുടെ നേതൃത്വത്തിൽ ജൂൺ 26- ന് ലഹരിവിരുദ്ധ പ്രതിജ്ഞാ കാമ്പയിൻ സംഘടിപ്പിക്കുന്നു. ലോകാരോഗ്യസംഘടനയുടെ ‘ലഹരിവലയം ഭേദിക്കുക, സംഘടിത കുറ്റകൃത്യങ്ങൾ തടയുക’ എന്ന പ്രമേയം കൂടി ഉൾപ്പെടുത്തിയുള്ള റിസയുടെ ഈ വർഷത്തെ പ്രതിജ്ഞ മലയാളം, ഇംഗ്ളീഷ്, ഹിന്ദി, അറബി, ഉർദു , മറാത്തി, തെലുങ്, തമിഴ്, കന്നഡ, ഒഡീസി എന്നിങ്ങനെ പത്തു ഭാഷകളിലാണ്. വിവിധ രാജ്യങ്ങളിലെ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളുകളും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് 2012 മുതൽ റിസ നടത്തിവരുന്ന ഈ പരിപാടിയിൽ വിവിധരാജ്യങ്ങളിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ നിന്നുമായി പതിനായിരക്കണക്കിന് കുട്ടികളും ആയിരക്കണക്കിനു അധ്യാപകരും ലഹരിക്കെതിരെ പ്രതിജ്ഞയെടുക്കുന്നു. മിഡിലീസ്റ്റിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള റിസയുടെ കോഡിനേറ്റർ മാർ അതത് പ്രദേശങ്ങളിലെ പ്രതിജ്ഞാ ചടങ്ങുകൾ ഏകോപിപ്പിക്കും.
ഓൺലൈനിൽ നടന്ന കാമ്പയിൻ സംഘാടകസമിതി യോഗത്തിൽ ഫൗണ്ടേഷൻ ചെയർമാൻ ഡോ . അബ്ദുൽ അസീസ്, പ്രോഗ്രാം കൺസൾട്ടൻ്റ് ഡോ.എ വി ഭരതൻ, ഭാരത സർക്കാർ ആയുഷ് വകുപ്പിലെ യോഗാവിഭാഗം കൺസൽട്ടൻ്റ് കുന്ദൻലാൽ ഗൊത്വാൾ, യു എൻ വോളണ്ടിയർ ഡോ. റുക്സാന, കേണൽ ജൂലിയസ് റോക്ക്, ഷംനാദ് കരുനാഗപ്പള്ളി, (റിംഫ് പ്രതിനിധി), റിസാ സ്കൂൾ ആക്ടിവിറ്റി കൺവീനർമാരായ പദ്മിനി. യു. നായർ, മീര റഹ്മാൻ, റിസ സ്റ്റേറ്റ് കോർഡിനേറ്റർ കരുണാകരൻ പിള്ള, ഡോ. തമ്പി വേലപ്പൻ, ഡോ. നസീം അക്തർ കുറൈശി, ഡോ. നജീബ് (ജിദ്ദ), ഡോ. രാജു വർഗീസ്, എഞ്ചിനീയർ ജഹീർ, ജോർജുകുട്ടി മാക്കുളം എന്നിവർ പങ്കെടുത്തു.
ലഹരി ഉപഭോഗം തുടങ്ങുന്നതിനു മുൻപ് തന്നെ തടയുക എന്ന ലക്ഷ്യത്തോടെ ഒരു പതിറ്റാണ്ടായി സംഘടിപ്പിച്ചുവരുന്ന പ്രതിജ്ഞാപരിപാടിയിൽ ഹിന്ദി മേഖല ഉൾപ്പെടെ ഇന്ത്യയിലെ കൂടുതൽ സംസ്ഥാങ്ങളിളെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ കൂടി എത്തിക്കു വാനായാണ് ഇത്തവണ പത്തു ഭാഷകളിൽ പ്രതിജ്ഞ തയാറാക്കിയിരിക്കുന്നതെന്നും ബന്ധപ്പെട്ട എല്ലാപേരും സഹകരിക്കണമെന്നും മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും പരിപാടിയിൽ പങ്കെടുക്കണമെന്നും റിസാ കൺവീനറും സുബൈർകുഞ്ഞു ഫൗണ്ടേഷൻ ചെയർമാനുമായ ഡോ. എസ്. അബ്ദുൾ അസീസ്, പ്രോഗ്രാം കൺസൾട്ടൻറ് ഡോ, എ വി ഭരതൻ എന്നിവർ അഭ്യർത്ഥിച്ചു.
സൗദി ദേശീയ മയക്കുമരുന്ന് നിയന്ത്രണസമിതിയുടെ അംഗീകാരത്തോടെ 2012 -ൽ റിയാദ് കേന്ദ്രമായി തുടക്കം കുറിച്ച ‘റിസ’ 2020 മുതൽ യു എൻ ഒ ഡി സി യുടെ എൻ ജി ഒ പട്ടികയിലും യു എൻ ഡേറ്റാ ബേസിലും ഇടം നേടിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് www.skfoundation.online എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ [email protected] എന്ന ഈ – മെയിലിൽ ബന്ധപ്പെടുകയോ ചെയ്യുക.
![]()
