റിയാദ്: റിയാദ്–കോഴിക്കോട് റൂട്ടിൽ രാത്രിയിലെ വിമാന സർവീസുകൾ അടുത്തടുത്ത സമയങ്ങളിലായി ക്രമീകരിച്ചിരിക്കുന്നത് യാത്രക്കാർക്ക് പ്രയാസമാകുന്നു. നിലവിലെ ഷെഡ്യൂൾ പ്രകാരം എയർ ഇന്ത്യ എക്സ്പ്രസ്സ് രാത്രി 11.55ന് റിയാദിൽ നിന്ന് പുറപ്പെട്ട് രാവിലെ 7.35ന് കോഴിക്കോട്ടെത്തുന്നു. ഫ്ലൈനാസ് 12.45ന് പുറപ്പെട്ട് 8.20നും സൗദിയ പുലർച്ചെ ഒന്നിന് പുറപ്പെട്ട് 8.45നും കോഴിക്കോട്ടെത്തുന്നു. മൂന്ന് സർവീസുകൾക്കും ഇടയിൽ പുറപ്പെടുന്ന സമയത്തിലും എത്തുന്ന സമയത്തിലും വലിയ വ്യത്യാസമില്ല.
കോഴിക്കോട്–റിയാദ് മടക്ക സർവീസുകളിലും ചില സമയങ്ങളിൽ വിമാനങ്ങൾ അടുത്തടുത്തായാണ് സർവീസ് നടത്തുന്നത്. ഫ്ലൈനാസ് രാവിലെ 9.10നും സൗദിയ 9.55നും കോഴിക്കോട്ടുനിന്ന് പുറപ്പെടുന്നു. ഫ്ലൈനാസ് ചില ദിവസങ്ങളിൽ ഉച്ചയ്ക്ക് 1.55നും വൈകിട്ട് 4.15നും സർവീസ് നടത്തുന്നുണ്ട്. എയർ ഇന്ത്യ എക്സ്പ്രസ്സ് രാത്രി 8.15നാണ് പുറപ്പെടുന്നത്. ഇതോടെ ചില സമയങ്ങളിൽ സർവീസുകൾ അടുത്തടുത്തായി ലഭിക്കുമ്പോൾ മറ്റു സമയങ്ങളിൽ കൂടുതൽ ഇടവേളയുണ്ടാകുന്ന സ്ഥിതിയാണ്.
ലീവ് കഴിഞ്ഞ് സൗദിയിലേക്ക് മടങ്ങുന്ന പ്രവാസികൾക്കും അടിയന്തരമായി യാത്ര ചെയ്യേണ്ടവർക്കും ഈ സമയക്രമം ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പ്രത്യേകിച്ച് ജോലി പുനരാരംഭിക്കേണ്ട ദിവസത്തോട് ചേർന്ന് യാത്ര ചെയ്യേണ്ടവർക്ക് അനുയോജ്യമായ സമയം തിരഞ്ഞെടുക്കാൻ പലപ്പോഴും കഴിയുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി. ഒരേ സമയപരിധിയിൽ സർവീസുകൾ കേന്ദ്രീകരിക്കുന്നതിന് പകരം ദിവസത്തിന്റെ വിവിധ സമയങ്ങളിലായി വിമാനങ്ങൾ ക്രമീകരിക്കണമെന്നാണ് ആവശ്യം.
റിയാദ്–കോഴിക്കോട് യാത്രയിൽ മാത്രമല്ല, കോഴിക്കോട്–റിയാദ് മടക്ക സർവീസുകളിലും സമയക്രമം പുനഃക്രമീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. സർവീസുകൾ തമ്മിൽ കൂടുതൽ ഇടവേള നൽകുകയും ദിവസത്തിന്റെ വിവിധ സമയങ്ങളിൽ വിമാനങ്ങൾ ലഭ്യമാക്കുകയും ചെയ്താൽ യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ സമയം തിരഞ്ഞെടുക്കാനാകുമെന്നാണ് അഭിപ്രായം.
