റിയാദ്: നാല്പത് വർഷത്തിലധികമായി പ്രബോധന-സാമൂഹിക രംഗങ്ങളിൽ വൈവിധ്യമാർന്ന പരിപാടികളിലൂടെലൂടെ ശ്രദ്ധേയമായി പ്രവർത്തിച്ചു വരുന്ന റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻറർ ബത്ത്ഹാ ജാലിയത്തിന്റെയും ഡോകട്ർ കഫെയുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന സമൂഹ നോമ്പുതുറയും വിജ്ഞാനസദസ്സും വിജയകരമായി തുടരുന്നതായി സംഘാടകർ അറിയിച്ചു.
റമളാൻ മാസത്തിലെ ആദ്യദിവസം മുതൽ മുപ്പത് ദിവസവും തുടർച്ചയായി സെന്റർ ഓഡിറ്റോറിയത്തിൽ ഏകദേശം 300 പേർക്ക് നോമ്പുതുറ ഒരുക്കുന്നതിനോടൊപ്പം, ഓഡിറ്റോറിയത്തിന് പുറത്തായി 350 ൽ അധികം പേർക്ക് ഭക്ഷണ വിതരണം ഏർപ്പെടുത്തി കൊണ്ടാണ് സമൂഹ നോമ്പുതുറ സംഘടിപ്പിച്ചിരിക്കുന്നത്. ബത്ത്ഹ പ്രദേശത്തെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സാധാരണക്കാരായ തൊഴിലാളികൾക്കും പ്രവാസികൾക്കും ഈ സൗകര്യം വലിയ ആശ്വാസവും അനുഗ്രഹവുമായി മാറുന്നുവെന്ന് സംഘാടകർ അറിയിച്ചു.

റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്റർ ബത്ത്ഹ യൂണിറ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ പരിപാടിയിൽ ഓരോ ദിവസവും റിയാദിലെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ സംഘടനകളിലെ പ്രവർത്തകർ അതിഥികളായി പങ്കുചേരുന്നത് ശ്രദ്ധേയമാണ്. കൂടാതെ, റിയാദിലെ മുപ്പതോളം പ്രബോധകർ വിവിധ വിഷയങ്ങളിൽ അവതരിപ്പിക്കുന്ന വിജ്ഞാനസദസ്സ് ഓരോ ദിവസവും ഇഫ്താർ പരിപാടിയുടെ പ്രധാന ആകർഷണമായി മാറിയിരിക്കുകയാണ്.

റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്റർ ട്രഷറർ അബ്ദുസലാം ബുസ്താനി, ഇഫ്താർ കമ്മിറ്റി ചെയർമാൻ അബ്ദുൽ വഹാബ് പാലത്തിങ്കൽ, ഇഫ്താർ കമ്മിറ്റി കൺവീനർ ഫൈസൽ കുനിയിൽ, ബത്ത്ഹ യൂണിറ്റ് സെക്രട്ടറി ഹനീഫ മാസ്റ്റർ, വളണ്ടിയർ ക്യാപ്റ്റൻ ഇഖ്ബാൽ വേങ്ങര, ബത്ത്ഹ യൂണിറ്റ് ട്രഷറർ നിസാർ കെ, ദഅ്വ കോഓർഡിനേറ്റർ നൗഷാദ് മടവൂർ എന്നിവരുടെ നേതൃത്വത്തിൽ മുപ്പതിലധികം നിസ്വാർത്ഥ വളണ്ടിയർമാരുടെ സേവനമാണ് ഈ മഹത്തായ സംരംഭം വിജയകരമായി മുന്നോട്ടുകൊണ്ടുപോകുന്നത്.
![]()
