റിയാദിലെ മുൻ പ്രവാസികളുടെ ചരിത്ര സമാഗമം നാളെ കോഴിക്കോട് കടവ് റിസോർട്ടിൽ നടക്കുകയാണ്.റിയാദിൽ നിന്ന് അനവധിപേർ ഇതിൽ പങ്കെടുക്കാനായി നാട്ടിലേക്ക് പോയിട്ടുണ്ട്. സാങ്കേതിക കാരണങ്ങളാൽ പങ്കെടുക്കാൻ പറ്റാത്തവർ സാമൂഹിക മാധ്യമങ്ങളിൽ ആശംസകുറിപ്പുകളും അവരുടെ റിയാദിനെ ചേർത്ത് പിടിച്ചുകൊണ്ടുള്ള എഴുത്തുകളും പോസ്റ്റ് ചെയ്യുന്നുണ്ട്. റിയാദിലെ സാഹിത്യകാരി സബീന എം സാലിയുടെ ആശംസകൾ അറിയിച്ചു കൊണ്ടുള്ള കുറിപ്പ് ശ്രദ്ധേയമായി.
എഫ് ബി പോസ്റ്റിന്റെ പൂർണ്ണ രൂപം
ODEPC നിയമനം ലഭിച്ച് 2002 ജൂലായ് മാസം എട്ടിന് 50 ഡിഗ്രി വെയിൽ കത്തിക്കാളുന്ന ഒരു നട്ടുച്ചയിലാണ് റിയാദ് കിംഗ് ഖാലിദ് എയർപോർട്ടിൽ വന്നിറങ്ങുന്നത്. റിയാദ് എന്ന മഹാനഗരം ആദ്യകാഴ്ചയിൽ തന്നെ എന്നേ അത്ഭുതപ്പെടുത്തി . റിയാദിലാണ് പോസ്റ്റിങ്ങ് എന്ന് നേരത്തേ അറിയിച്ചിരുന്നു .പക്ഷെ പോസ്റ്റിങ്ങ് ലെറ്ററുമായി വന്ന അറബിയാണ്, സിറ്റിയിൽ നിന്ന് 180 കി മി ദൂരത്തുള്ള ഹോത്ത സുദൈർ ആണ് എനിക്കുള്ള തട്ടകം എന്നറിയിച്ചത്.
പ്രാശാന്തസുന്ദരമായ ആ ഗ്രാമപ്രദേശത്ത് ജോലി ചെയ്യുമ്പോഴും സാസ്കാരികപ്രവർത്തനങ്ങളുടെ ഭാഗമായി മിക്ക ആഴ്ചവട്ടങ്ങളിലും റിയാദ് സിറ്റിയിലെത്തും. സഹൃദയരായ കുറെ മനുഷ്യരുടെ സ്നേഹക്കൂട്ടായ്മകളിൽ പങ്കെടുക്കാനും പറയാനും അവരുടെയൊക്കെ പ്രോത്സാഹനങ്ങൾ ഏറ്റുവാങ്ങാനും ഒട്ടേറെ അവസരങ്ങൾ ലഭിച്ചിട്ടുണ്ട് . എന്നിലെ എഴുത്തുകാരിയെ അംഗീകരിച്ചവർ . അതുകൊണ്ട് തന്നെ റിയാദിന്റെ സ്വന്തം എഴുത്തുകാരി എന്ന് പറയുമ്പോൾ ഏറെ അഭിമാനം തോന്നാറുണ്ട് .
നീണ്ട 22 വർഷങ്ങളുടെ ഗ്രാമീണ ജീവിതത്തിനൊടുവിൽ ഇപ്പോൾ സിറ്റിയിലേക്ക് സ്ഥലം മാറ്റം ലഭിച്ചിരിക്കുന്നു. വീണ്ടുമൊരു ഗ്രീഷ്മച്ചൂടിന്റെ അറ്റത്ത് നഗരത്തിരക്കുകളുടെ ബഹളങ്ങൾക്കിടയിലിരുന്ന് ഈ കുറിപ്പെഴുതുമ്പോൾ കഴിഞ്ഞതെല്ലാം ഓർമ്മകളുടെ ആകാശത്ത് പെയ്യാൻ വെമ്പുന്ന മേഘങ്ങളായി ഘനീഭവിക്കുന്നുണ്ട്.
ബത്ഹയിലും പരിസരത്തുമായി ജീവിതം കരൂപ്പിടിപ്പിച്ച അനേകായിരം മനുഷ്യർ. വേനലിൽ ഉരുകിയും തണുപ്പിൽ ഉറഞ്ഞും ജീവിതത്തോണി തുഴഞ്ഞവർ … സംഘടനകളും കൂടായ്മകളുമായി പരസ്പരം കാരുണ്യത്തിന്റെ താങ്ങായവർ ..തീയിൽ മുളച്ചത് വെയിലിൽ വാടില്ല എന്ന് സ്വയം തിരിച്ചറിഞ്ഞവർ .
ഒന്നിച്ച് കഴിഞ്ഞവരിൽ ഒട്ടേറെപ്പേർ ജീവിതത്തിൽ നിന്ന് വിട പറഞ്ഞു പോയിട്ടുണ്ട്. അവരെപ്പറ്റിയുള്ള ഊഷ്മളമായ ഓർമ്മകൾ അയവിറക്കാൻ കൂടി അവസരമൊരുക്കട്ടെ ഈ സംഗമം എന്ന് പ്രത്യാശിക്കുന്നു.
എൻ എൻ കാക്കാട് പറഞ്ഞപോലെ, ജീവിതത്തിൽ കഴിഞ്ഞുപോയതൊക്കെയും ഒരു പക്ഷെ വഴിയോരക്കാഴ്ചകളായി മാഞ്ഞുപോയേക്കാം .പക്ഷെ ഓർമ്മകളുണ്ടായിരിക്കണം . അതാണ് പ്രധാനം . ആ ഓർമ്മകൾ തിരിച്ചുപിടിക്കാനാണ് റിയാദുകാർ ഒത്തുചേരുന്നത് . എന്തുകൊണ്ടും അതൊരു മഹാസംഭവം തന്നെയായിരിക്കും .
റിയാദിന്റെ ആകാശക്കീഴിൽ ഒന്നിച്ചുകഴിഞ്ഞ, കന്യാകുമാരി മുതൽ കാസർകോഡ് വരെയുള്ള മലയാളികൾ കോഴിക്കോട് കടവ് റിസോർട്ടിൽ ഒന്നിക്കുകയാണ് ..ഗതകാലം അനുസ്മരിക്കാനും , തങ്ങളെക്കൊണ്ട് സമൂഹത്തിനുതകുന്ന സദ്പ്രവർത്തികൾ എന്തൊക്കെയെന്ന് തിരിച്ചറിയാനും.
ഇങ്ങനെയൊരു സംഗമം നടക്കുമ്പോൾ അതിന് മുൻകൈ എടുത്ത ഷക്കീബ്ക്ക, നാസർ കാരന്തൂർ , ഉബൈദ്ക്ക തുടങ്ങിയവരെയും അതിന് പിന്താങ്ങായി പ്രവർത്തിക്കുന്ന ഓരോരുത്തരെയും ഹൃദയത്തിന്റെ ഭാഷയിൽ അഭിനന്ദിക്കുന്നു. പങ്കെടുക്കാൻ സാധിക്കുന്നില്ലെങ്കിലും മനസ്സ് കൊണ്ടു കൂടെയുണ്ടെന്നറിയിക്കുന്നു . സംഗമത്തിന് സ്നേഹാഭിവാദ്യങ്ങൾ ..❤️
✍️സബീന എം സാലി
![]()
