കരിപ്പൂർ: ഫെബ്രുവരി 10 മുതൽ 18 വരെ കരിപ്പൂർ “വെളിച്ചം” നഗരിയിൽ നടക്കുന്ന കിഡ്സ്പോർട്ട് എഡ്യുടെയ്ൻമെന്റ് പാർക്കിന് വേണ്ടി വിപുലമായ പവലിയൻ ഒരുങ്ങുന്നു. 15000 ചതുരശ്ര അടി വലിപ്പമുള്ള പ്രത്യേക പവലിയനിൽ നടക്കുന്ന കിഡ്സ്പോർട്ടിൽ 5 വയസ്സ് മുതൽ 12 വയസ്സ് വരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമാണ് പ്രവേശനം.‘വിശ്വമാനവികതക്ക് വേദവെളിച്ചം’ എന്ന പ്രമേയത്തിൽ നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായാണ് കരിപ്പൂർ വെളിച്ചം നഗരിയിൽ കുട്ടികൾക്ക് വേണ്ടി കിഡ്സ് പോർട്ട് ഒരുക്കുന്നത്.
വിജ്ഞാനവും വിനോദവും കോർത്തിണക്കിയ ആകർഷകമായ കാഴ്ചകൾ, ഗെയിമുകൾ, പ്ലേലാൻഡ്, എക്സ്പോ, മത്സരങ്ങൾ, അവതരണങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ് തുടങ്ങി നിരവധി വിഭവങ്ങൾ കുട്ടികൾക്കായി ഒരുക്കുന്നുണ്ടെന്ന് സംഘാടകർ അറിയിച്ചു.
ഫെബ്രുവരി 10 മുതൽ 18 വരെ നടക്കുന്ന കിഡ്സ് പോർട്ടിൽ ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 9.00 മണിക്കും മറ്റു ദിവസങ്ങളിൽ രാവിലെ 11.00 മണിക്കും പ്രവേശനം ആരംഭിക്കും. എല്ലാ ദിവസവും രാത്രി 8.00 മണി വരെയാണ് പ്രവേശനം. കുടുംബങ്ങൾക്കും, സ്ഥാപനങ്ങൾക്കും ഫെബ്രുവരി 1 മുതൽ വെബ്പോർട്ടൽ വഴി രജിസ്റ്റർ ചെയ്യാൻ സാധിക്കും.
കുട്ടികൾക്ക് മാത്രമാണ് കിഡ്സ്പോർട്ടിലേക്ക് പ്രവേശനം. ടീം ഗൈഡുമാർ, ഡെമോൻസ്ട്രേറ്റർമാർ വെൽഫെയർ ടീം, സാങ്കേതിക വിദഗ്ദ്ധർ, ആരോഗ്യ വിദഗ്ദർ ഉൾപ്പടെ പരിശീലനം നേടിയ 500 ലധികം വളണ്ടിയർമാർ കിഡ്സ്പോർട്ടിൽ സേവനം ചെയ്യും.
![]()
