ചാലക്കുടി: മലയാളി ഡോക്ടര്‍ തായ്ലൻഡിൽ മുങ്ങി മരിച്ചു. തിരുച്ചിറപ്പള്ളി റെയിൽവേ ഡിവിഷനൽ ആശുപത്രിയിലെ മെഡിക്കൽ ഓഫിസറായ ഡോ. രാഹുലൻ(37) ആണ്
കുടുംബത്തോടൊപ്പമുള്ള വിനോദയാത്രയ്ക്കിടയിൽ മരിച്ചത്.
ചാലക്കുടി പോട്ട തച്ചുടപ്പറമ്പ് മുണ്ടക്കത്തു പറമ്പിൽ സദാനന്ദന്റെയും റിട്ടയേഡ് ഹെഡ്മിസ്ട്രസ് സരളയുടെയും മകനാണ്.
ഭാര്യയായ ഡോ. ബേബി മിനുവിനൊപ്പം ഈ മാസം 12നാണ് ഡോ രാഹുലൻ തായ്ലൻഡിലെത്തിയത്. വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനിടയിൽ കടലിലെ ആഴമില്ലാത്ത ഭാഗത്ത് നീന്തുന്നതിനിടയിലായിരുന്നു അപകടം ഉണ്ടായത്. മുങ്ങി താഴ്ന്ന രാഹുലനെ രക്ഷിച്ച് സമീപത്തെ ആശുപത്രിയിലും പിന്നീട് സ്പെഷ്യാൽറ്റി ആശുപത്രിയിലും എത്തിച്ചെങ്കിലും രാത്രി 8 മണിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.ഓസ്ട്രേലിയയിൽ എൻജിനീയറായ സഹോദരൻ ശരത്ത് തായ്ലൻഡിലെത്തിയിട്ടുണ്ട്. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നിന് ചാലക്കുടി മുനിസിപ്പൽ ശ്മശാനത്തിൽ സംസ്കാരം നടത്തും.
![]()
