തിരുവനന്തപുരം : ജില്ലയില്‍ പകര്‍ച്ചവ്യാധിയായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു. വെമ്പായം വെറ്റിനാട് അച്ഛനും മകനുമാണ് രോഗം ബാധിച്ചത്. ജന്തുജന്യ രോഗമായ ഇത് കന്നുകാലിയില്‍ നിന്ന് പകര്‍ന്നെന്നാണ് വിലയിരുത്തല്‍. അച്ഛനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കില്‍ ആന്തരികാവയങ്ങളെ ബാധിച്ച് മരണത്തിനിടയാക്കുന്ന രോഗമാണ് ബ്രൂസെല്ലോസിസ്.
ഇതാദ്യമായല്ല സംസ്ഥാനത്ത് ബ്രൂസെല്ലോസിസ് സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ ജൂലൈ മാസത്തില്‍ കൊല്ലം ജില്ലയിലെ കടക്കലില്‍ ഏഴ് വയസ്സുകാരിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. മൂന്നുവര്‍ഷം മുമ്പ് കൊല്ലം മയ്യനാട് താന്നി സ്വദേശിയായ ക്ഷീരകര്‍ഷകനും ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചിരുന്നു. രോഗം പകര്‍ന്നത് കന്നുകാലികളില്‍ നിന്നാണെന്ന് തുടക്കം മുതല്‍ കരുതിയെങ്കിലും പരിശോധനയില്‍ വീട്ടിലെ കാലികള്‍ക്ക് രോഗമില്ലായിരുന്നുവെന്ന് സ്ഥിരീകരിച്ചിരുന്നു.
രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയ മകനാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. പിന്നീട് അച്ഛനും രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രോഗബാധിതരായ മൃഗങ്ങളുമായി സമ്പര്‍ക്കംപുലര്‍ത്തുന്നത് രോഗം പിടിപെടുന്നതിന് കാരണമാകുന്നു.
കൂടാതെ ആട്, പശുക്കള്‍, ചെമ്മരിയാടുകള്‍, ഒട്ടകങ്ങള്‍ എന്നിവയില്‍ രോഗബാധയുണ്ടായാല്‍ അവയുടെ പാലില്‍ ബാക്ടീരിയ പ്രവര്‍ത്തിക്കും. ഇതോടെ പാല് മലിനമാകും. ചീസ് ഉല്‍പ്പന്നങ്ങള്‍ കഴിക്കുന്ന ആളുകളിലേക്കും അണുബാധ പകരാം. അതിനാല്‍ വേവിക്കാത്ത മാംസം, പാസ്ചറൈസ് ചെയ്യാത്ത പാലുല്‍പ്പന്നങ്ങള്‍ എന്നിവ കഴിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണം. ബ്രൂസെല്ലോസിസിന് കാരണമാകുന്ന ബാക്ടീരിയ ശ്വസിക്കുന്നത് അണുബാധയ്ക്ക് കാരണമാകുന്നുണ്ട്. അറവുശാലകള്‍ പോലുള്ള ഇടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് രോഗലക്ഷണങ്ങള്‍ പതിവാണ്.
![]()
