തൃശൂർ : പ്രശസ്ത നാടൻപാട്ട് രചയിതാവ് അറുമുഖൻ വെങ്കിടങ്ങ് (65) അന്തരിച്ചു. കലാഭവൻ മണി പാടി ഹിറ്റാക്കിയ നിരവധി ഗാനങ്ങളുടെ രചയിതാവായിരുന്നു അറുമുഖൻ. തിങ്കളാഴ്ച്ച രാത്രി പതിനൊന്നരയോടെ അറുമുഖനു അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ചൊവ്വാഴ്ച്ച പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.
അറുമുഖൻ വെങ്കിടങ്ങ് എന്നറിയപ്പെടുന്ന എൻ.എസ്. അറുമുഖൻ നടനും ഗായകനുമായ കലാഭവൻ മണി ആലപിച്ചിരുന്ന മിക്ക നാടൻപാട്ടുകളുടെയും രചയിതാവാണ്. ഇരുന്നൂറോളം പാട്ടുകൾ ഇദ്ദേഹം കലാഭവൻ മണിക്കുവേണ്ടി രചിച്ചിട്ടുണ്ട്. നാടൻപാട്ടുകളുടെ മുടിചൂടാമന്നൻ എന്നാണ് അറുമുഖൻ അറിയപ്പെടുന്നത്. 350 ഓളം നാടൻ പാട്ടുകളുടെ രചയിതാവാണ്. മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ, ചാലക്കുടി ചന്തക്കു പോകുമ്പോൾ, പകലു മുഴുവൻ പണിയെടുത്ത്, വരിക്കചക്കേടെ, തുടങ്ങിയവയെല്ലാം അറുമുഖന്റെ പാട്ടുകളാണ്.
![]()
