തൃശൂർ :കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സ്വത്ത് വിവരങ്ങൾ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് എം കെ കണ്ണന് ഇഡി നോട്ടീസ് നൽകി. സിപിഎം നേതാവും തൃശൂർ കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റും കേരളാ ബാങ്ക് വൈസ് പ്രസിഡന്റുമായ എം കെ കണ്ണൻ സ്വത്ത് വിവരങ്ങൾ ഹാജരാക്കണമെന്നാവശ്യപ്പെട്ട് ഇഡി നോട്ടീസ് നൽകി. വ്യാഴാഴ്ചയ്ക്കുള്ളിൽ കുടുംബത്തിന്റെയടക്കം സ്വത്ത് വിവരം ഹാജരാക്കാനാണ് ഇഡി നിർദ്ദേശം.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം സംസ്ഥാന സമിതി അംഗവും തൃശ്ശൂർ ജില്ലാ സഹകരണ ബാങ്ക് അധ്യക്ഷനുമായ എം കെ കണ്ണനെ ഇഡി ചോദ്യം ചെയ്തിരുന്നു. എന്നാൽ കണ്ണൻ സഹകരിക്കാത്തതിനെ തുടർന്നാണ് ചോദ്യം ചെയ്യൽ അവസാനിപ്പിച്ചതെന്നും ഇഡി പറഞ്ഞു. കണ്ണനിൽ നിന്ന് ഒരു മറുപടിയും കിട്ടിയില്ല. മൊഴികളിൽ നിരവധി പൊരുത്തക്കേടുകൾ ഉണ്ട്. കൂടാതെ ശരീരിക അസ്വസ്ഥതകൾ ഉണ്ടെന്ന് കണ്ണൻ പറഞ്ഞതായും ഇഡി വ്യക്തമാക്കി.
എന്നാൽ ഇഡിയുടെ ആരോപണങ്ങൾ എംകെ കണ്ണന് നിഷേധിച്ചു. ശാരീരിക ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞിട്ടില്ല. പൂർണ്ണ ആരോഗ്യവാനാണ്, ദേഹാസ്വാസ്ഥ്യമില്ലെന്നും കണ്ണൻ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ചോദ്യം ചെയ്യൽ സൗഹാർദ്ദപരമായിരുന്നു. ഇഡി എപ്പോൾ വിളിപ്പിച്ചാലും വരുമെന്നും കണ്ണൻ വ്യക്തമാക്കി.
അതേസമയം കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനാണ് കണ്ണൻ ഹാജരായത്. ചോദ്യം ചെയ്യലിന് മുൻപ് മുഖ്യമന്ത്രി പിണറായി വിജയനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത് രണ്ടാം തവണയാണ് ഇ ഡി കണ്ണനെ ചോദ്യം ചെയ്യുന്നത്.
കേസിലെ മുഖ്യപ്രതി സതീഷ് കുമാറുമായുള്ള ബന്ധത്തിലും കണ്ണൻ നേതൃത്വം നൽകുന്ന ബാങ്കിൽ നടന്ന ദുരൂഹമായ ഇടപാടുകളിലുമാണ് ഇഡി അന്വേഷണം. എം കെ കണ്ണൻ പ്രസിഡന്റായി തുടരുന്ന തൃശൂർ കോ ഓപ്പറേറ്റീവ് ബാങ്കിലാണ് കരുവന്നൂർ കേസിലെ മുഖ്യപ്രതി സതീഷ് കുമാർ മിക്ക ഇടപാടും നടത്തിയിട്ടുള്ളത്.
തൃശ്ശൂര്‍ അയ്യന്തോള്‍ സര്‍വീസ് സഹകരണ ബാങ്കില്‍ സതീഷ് കുമാര്‍ കള്ളപ്പണം വെളുപ്പിച്ചുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. തുടർന്ന് ബന്ധുക്കളുടെയടക്കം പേരില്‍ ഈ ബാങ്കിലെടുത്ത നാല് അക്കൌണ്ടുകള്‍ വഴി സതീഷ് കള്ളപ്പണം വെളിപ്പിച്ചുവെന്ന് അന്വേഷണ ഏജന്‍സി കണ്ടെത്തിയിരുന്നു.
നേരത്തെ കേസന്വേഷണത്തിന്റെ ഭാഗമായി സതീഷ് കുമാറിന്റെ ഈ നാല് അക്കൗണ്ടുകള്‍ ഇ.ഡി മരവിപ്പിച്ചിരുന്നു. ഒരു ദിവസം തന്നെ 50000 രൂപ വെച്ച് 25ലേറെ തവണ ഇടപാടുകള്‍ എത്തിയെന്നത് അടക്കമുള്ള കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലായിരുന്നു ഈ നടപടി. ഈ അക്കൗണ്ടുകള്‍ വഴി നടന്ന ഇടപാടുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായാണ് ഇഡി അയ്യന്തോള്‍ സര്‍വീസ് സഹകരണ ബാങ്കില്‍ പരിശോധന നടത്തുന്നത്.
![]()
