റിയാദ് : സാമൂഹിക സാംസ്കാരിക സംഘടനയായ ദിശ (ഡെഡിക്കേറ്റഡ് ടീം ഫോർ ഇൻഡോ സൗദിഹോളിസ്റ്റിക് അലൈമെന്റ്) സൗദി നാഷണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഒമ്പതാമത് അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി റിയാദിൽ “ദിശ യോഗ മീറ്റ് 2023” നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.ജൂൺ 16 നു റിയാദിലെ റിയൽ മാഡ്രിഡ് അക്കാദമി സ്റ്റേഡിയം റിയാദ് സ്കൂളിൽ ആണ് ആഘോഷം നടക്കുന്നത്.
സൗദി അറേബ്യയിലെ സ്പോർട്സ് മിനിസ്ട്രി യുടെ കീഴിലുള്ള ഒളിംപ്ക് കമ്മിറ്റിയുടെ ഭാഗമായ സൗദി യോഗ കമ്മിറ്റിയുമായി ചേർന്ന് എംബസ്സി ഓഫ് ഇന്ത്യ റിയാദിന്റെയും പ്രമുഖ വ്യവസായ ശൃഖലയായ ഇറാം ഗ്രൂപ്പിന്റെ സഹകരണത്തോടെയാണ് അന്താരാഷ്ട്ര യോഗ ദിനം ദിശ സംഘടിപ്പിക്കുന്നത്.
ഇന്ത്യ, നേപ്പാൾ, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ എംബസികളിൽ നിന്നുള്ള സ്ഥാനപതിമാർ , സൗദി യോഗ കമ്മിറ്റി പ്രസിഡന്റ് പത്മ ശ്രീ നൗഫ് അൽ മാർവായി, സൗദി യോഗ കമ്മിറ്റി സി ഇ ഒ അഹമ്മദ് അൽസാദി, ഇറാം ഗ്രൂപ്പ് സി എം ഡി യും പ്രവാസി ഭാരതീയ സമ്മാൻ ജേതാവുമായ ഡോ സിദ്ദിഖ് അഹമ്മദ്, അറബ് യോഗ ഫൌണ്ടേഷൻ പ്രതിനിധി ലമീസ് അൽ സിദ്ദിഖ്, സലാം കൾചറൽ പ്രൊജക്റ്റ് പ്രതിനിധി ഡോ യാസർ ഫരജ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.
ഇന്ത്യൻ സ്ഥാനപതി ഡോ.സുഹേൽ അജാസ് ഖാൻ ഉദ്ഘാടനം നിർവ്വഹിക്കുന്ന പരിപാടിയിൽ പത്മ ശ്രി നൗഫ് അൽ മാർവായി മുഖ്യ പ്രഭാഷണം നടത്തും. ദിശ സൗദി നാഷണൽ പ്രസിഡന്റു കനക ലാൽ അധ്യക്ഷത വഹിക്കും. വി. രഞ്ജിത് സ്വാഗതവും, വി ഉണ്ണികൃഷ്ണൻ കൃതജ്ഞതയും അറിയിക്കും.യോഗ ദിന ആഘോഷങ്ങളുടെ ഭാഗമായി റിയാദ് ,ദമാം ,ജിദ്ദ റീജിയണൽ കമ്മിറ്റികളുടെയും നേതൃത്വത്വത്തിൽ വിപുലമായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
റിയാദിലെ പ്രവർത്തനങ്ങളെ ഏകോപിപ്പികുന്നതിനായി കനക ലാൽ കൺവീനറായും രാജേഷ് മൂലവീട്ടിൽ കോ-കൺവീനർ ആയും 43 അംഗ കമ്മിറ്റി പ്രവർത്തിക്കുന്നു.
വൈകിട്ട് 5 മണി മുതൽ പ്രവേശനം ആരംഭിക്കുന്നതാണ്. 7 മണി മുതൽ പരിപാടികൾ ആരംഭിക്കും. തുടർന്ന് ഇന്ത്യൻ ഗവർമെന്റിന്റെ ആയുഷ് മന്ത്രാലയം അവതരിപ്പിച്ച് UN ഇന്റർനാഷണൽ അംഗീകരിച്ച യോഗാ പ്രോട്ടോ കോൾ പ്രകാരം മാസ്സ് യോഗസെഷൻ, കുട്ടികളുടെ യോഗാഭ്യാസം, യോഗ വിഷയമാക്കിയ കലാപരിപാടികൾ തുടങ്ങിയവ അരങ്ങേറും.അയ്യായിരത്തോളം ആളുകളെ പ്രതീക്ഷിക്കുന്ന പരിപാടിയിലേക്ക് പ്രവേശനം സൗജന്യമായിരിക്കും.
വാർത്താ സമ്മേളനത്തിൽ ദിശ സൗദി നാഷണൽ പ്രസിഡണ്ടും പ്രോഗ്രാം കൺവീനറും ആയ കനകലാൽ, റിയാദ് റീജിയണൽ ജനറൽ സെക്രട്ടറി വി. ഉണ്ണികൃഷ്ണൻ, കോ-കൺവീനറും റിയാദ് റീജിയണൽ കോർഡിനേറ്ററുമായ രാജേഷ് മൂലവീട്ടിൽ, ഫിനാൻസ് കമ്മിറ്റി കൺവീനർ അജേഷ്, ഇറാം ഗ്രൂപ്പ് റീജിയണൽ ഹെഡ് ഇർഫാൻ അഹമ്മദ് എന്നിവർ പങ്കെടുത്തു
![]()
