ദുബായ് : അയോധന കലാ രംഗത്ത് മുൻ നിരയിൽ ഉള്ള വി. കെ. എം കളരിയുടെയും ഗോൾഡൻ സ്റ്റാർ കാരാട്ടേ ദുബായിയുടെയും ഓണാഘോഷം 2023 സെപ്റ്റംബർ 17 നു ദുബായ് ആൽകുസ് ദിവൽ സ്കൂളിൽ വച്ചു വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. വി. കെ. എം കളരി ദുബായിയുടെയും ഗോൾഡൻ സ്റ്റാർ കാരാട്ടേയുടെയും മാനേജിംഗ് ഡയറക്ടറായ മണികണ്ഠൻ ഗുരുക്കളുടെ അധ്യക്ഷതയിൽ, ഭാരതീയ പ്രവാസി ഫെഡറേഷൻ പ്രസിഡണ്ട് ശ്രീ തോമസ് കോയാട്ട് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
കളരിപ്പയ്റ്റിന്റെ ഇന്നത്തെ സമൂഹത്തിലെ പ്രസക്തിയെ കുറിച്ചും, മാനസിക ശാരീരിക ആരോഗ്യമുള്ള ഒരു സമൂഹത്തിനു അയോധന കലകളുടെ ആവശ്യത്തെ കുറിച്ചും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ സംസാരിച്ചു. ചടങ്ങിൽ മുഖ്യ അഥിതിയായി ലോക മലയാളി കൗൺസിൽ അജ്മാൻ പ്രസിഡണ്ട്, ശ്രീ ഡയസ് ഇടിക്കുള പങ്കെടുത്തു. വി. കെ. എം കളരി സിഎ ഉമേഷ്, സുബലക്ഷ്മി, ശ്രീമതി സമീറ ഫിറോസ്, റൂബീന കെപി എന്നിവർ സംസാരിച്ചു.
വാദ്യമേള കലയിൽ വിദഗ്ധനായ ശ്രീ സ്വാമിദാസ് ആശാനും സംഘവും അവതരിപ്പിച്ച ചെണ്ട മേളവും എടരിക്കോടൻ കോൽക്കളി സംഘത്തിന്റെ കോൽ കളിയും ഓണാഘോഷത്തിന്റെ മാറ്റുകൂട്ടി. കുമ്മാട്ടി, വേട്ടക്കാരൻ, പുലികളി തുടങ്ങിയ കലാരൂപങ്ങൾ ഉൾപ്പെട്ടഘോഷയാത്രയും പൂക്കള മത്സരം, കളരിപ്പയറ്റു പ്രദർശനവും, കളരിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ തരം കലാപരിപാടികളും ഓണാഘോഷത്തിന്റെ ഭാഗമായി അരങ്ങേറി.
2011 ലാണ് മണികണ്ഠൻ ഗുരുക്കൾ അറബി നാട്ടിൽ കളരിപ്പയറ്റ് പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ യുഎഇയിൽ ആദ്യമായി ഒരു കളരി ദുബായിലെ കരാമ യിൽ ആരംഭിച്ചത്. തുടർന്ന് ഖിസൈസ്, അൽ നാഹദ, ഷാർജ തുടങ്ങിയ ഇടങ്ങളിലായി വി കെ എം കളരിയുടെ ശാഖകളിൽ ആയിരത്തിലധികം ശിഷ്യന്മാർകളരിപ്പയറ്റ് അഭ്യസിച്ചു വരുന്നു.
കളരിപ്പയറ്റിലെ വടക്കൻ ശൈലി പിന്തുടരുന്ന വേണാട്ട് മാധവ പണിക്കരുടെയും വി കെ എം കളരി പൊന്നാനിയിലെ ശ്രീ കെ ജി പത്മനാഭൻ ഗുരുക്കളുടെയും ശിഷ്യനാണ് ശ്രീ മണികണ്ഠൻ ഗുരുക്കൾ.
![]()
