അജ്മാൻ : മഹാബലിയ്ക്കുള്ള തിരുമുൽകാഴ്ചയും വർണ്ണാഭമായ പൂക്കളവും, ഓണസദ്യയും നൃത്ത സംഗീത പരിപാടികളും ഒരുക്കി വേൾഡ് മലയാളി കൗൺസിൽ അജ്മാൻ പ്രൊവിൻസ്
സംഘടിപ്പിച്ച ഓണാഘോഷം ശ്രദ്ധേയമായി.തുംമ്പൈ മെഡിസിറ്റിയിൽ സംഘടിപ്പിച്ച ഓണാഘോഷം ഗാലിബ് അത്രേഹ് ഉദ്ഘാടനം ചെയ്തു.അറബ് – മലയാളി സ്നേഹ ബന്ധങ്ങൾക്ക് കരുത്ത് പകരുന്ന ഓണാഘോഷത്തിലും ഓണ സദ്യയിലും പങ്കെടുക്കുന്നതിൽ സന്തോഷമുണ്ടെന്നും, സമൂഹത്തിൽ സ്നേഹവും സൗഹൃദ്ദവും സാഹോദര്യവും നിലനിർത്താൻ പ്രചോദനമേകുന്ന മലയാളികളുടെ മഹോത്സവമായ ഓണാഘോഷം അറബ് സമൂഹത്തിനും പ്രീയം നൽകുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
വേൾഡ് മലയാളി കൗൺസിൽ അജ്മാൻ പ്രസിഡണ്ട് ഡയസ് ഇടിക്കുളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡബ്ലിയു എം സി മിഡിൽ ഈസ്റ്റ് റീജിയൺ പ്രസിഡണ്ട് ഷൈൻ ചന്ദ്രസേനൻ, എൻ. മുരളിധര പണിയ്ക്കർ, രാജേഷ് പിള്ള, തോമസ് ഉമ്മൻ, സോമൻ സി.കെ, സ്വപ്നാ ഡേവിഡ്, ജെയിംസ് മാത്യു, ബാവാ റേച്ചൽ എന്നിവർ പ്രസംഗിച്ചു.
കേരളത്തിലെ കാഴ്ച ശക്തി നഷ്ടപ്പെട്ടവരുടെ കൂട്ടായ്മയ്ക്ക് വേണ്ടി വേൾഡ് മലയാളി കൗൺസിൽ നടപ്പാക്കുന്ന ജീവകാരുണ്യ പദ്ധതി എൻ. മുരളിധര പണിയ്ക്കർ ഉദ്ഘാടനം ചെയ്തു. ആദ്യ ഘട്ടമായി കാഴ്ച ശക്തി നഷ്ടപ്പെട്ടവർ ഉൽപാദിപ്പിച്ച ആയിരം പരിസ്ഥിതി സൗഹൃദ്ദ പേനകൾ അംഗങ്ങൾക്ക് വിതരണം ചെയ്തു. സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി ആരംഭിയ്ക്കുന്ന “Blind Persons Care Support Project” വിവിധ രാജ്യങ്ങളിലെ ഡബ്ലിയു എം സി പ്രൊവിൻസുകളുടെ സഹായത്തോടെ നടപ്പാക്കും.
സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ മേഖലയിൽ നിസ്വാർത്ഥ സേവനം നൽകുന്ന ടി. എൻ. കൃഷ്ണ കുമാർ, ചെറിയാൻ. ടി. കീക്കാട്, സൽജിൻ കളപ്പുര എന്നിവർക്ക് ഡബ്ലിയു എം സി പുരസ്കാരങ്ങൾ നൽകി ചടങ്ങിൽ ആദരിച്ചു.
![]()
