റിയാദ്: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥിയുടെ പ്രചാരണ പ്രവർത്തനങ്ങളിൽ കോൺഗ്രസ്സിന്റെ പോഷക സംഘടനയായ ഒ ഐ സി സി നേതാക്കളും സജീവം.
റിയാദ് സെൻട്രൽ കമ്മറ്റി വൈസ് പ്രസിഡണ്ട് സലിം കളക്കര,ഗ്ലോബൽ കമ്മറ്റി സെക്രട്ടറി റഷീദ് കൊളത്തറ,ഒ ഐ സി സി നേതാവ് ഇസ്മയിൽ എരുമേലി, അലി ആലുവ,നൗഷാദ് ആലുവ,നാസർ ആലുവ തുടങ്ങി സെൻട്രൽ ജില്ലാ ഭാരവാഹികളും പ്രവർത്തകരും സ്ഥാനാർത്ഥിക്കൊപ്പം പ്രവർത്തനത്തിൽ സജീവമാണ്.
വോട്ട് ചോദിക്കാൻ സ്ഥാനാർത്ഥിയുടെ സംഘത്തെ അനുഗമിച്ചും നേരത്തെ സൗദി അറേബ്യയിലുണ്ടായിരുന്ന ഒ ഐ സി സി പ്രവർത്തകരെ നേരിൽ കണ്ട് പ്രചാരണത്തിൽ പങ്കാളികളാക്കിയുമാണ് ഒ ഐ സി സി യുടെ പ്രചാരണ പുരോഗമിക്കുന്നത്.
കക്ഷി രാഷ്ട്രീയത്തിനപ്പുറത്ത് പ്രവാസി സമൂഹത്തിന്റെ പ്രതിസന്ധികളിൽ അടിയന്തിര പ്രാധാന്യത്തോടെ ഇടപെട്ടിരുന്ന ഉമ്മൻ ചാണ്ടിയോടുള്ള ബഹുമാനവും കടപ്പാടുമാണ് പ്രചാരണത്തിൽ പങ്കാളികളാകാൻ അവധിയെടുത്ത് എത്തിയതെന്ന് റിയാദ് സെൻട്രൽ കമ്മറ്റി വൈസ് പ്രസിഡണ്ട് സലിം കളക്കര പറഞ്ഞു.
സൗദി അറേബ്യയിലെ വിവിധ പ്രവശ്യയിലുള്ള കോട്ടയം ജില്ല പ്രസിഡന്റുമാരുമായി ബന്ധപ്പെട്ട് ഓൺലൈൻ വഴിയും നേരിട്ടും വോട്ടഭ്യർത്ഥിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി ഗ്ലോബൽ സെക്രട്ടറി റഷീദ് കൊളത്തറ പറഞ്ഞു.
പുതുപ്പള്ളിയിലെ പാമ്പാടിയിൽ ഗ്ലോബൽ ഒ ഐ സി സി യുടെ മേൽനോട്ടത്തിൽ ഓഫീസ് പ്രവർത്തിക്കുന്നുണ്ട്.ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ളയുടെ മേൽനോട്ടത്തിൽ ഒ ഐ സി സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുമ്പുറത്തിനാണ് പ്രചാരണ ദൗത്യത്തിന്റെ ചുമതല.
ഒ ഐ സി സി ഇൻകാസ് നേതാക്കളെയും പ്രവർത്തകരെയും പ്രചാരണത്തിൽ പങ്കാളികളാക്കുന്നതിനുള്ള ഏകോപനമാണ് ഗ്ലോബൽ സംവിധാനം വഴി ലക്ഷ്യം വെക്കുന്നത്.
![]()
