ദുബായ് :ഗൾഫ്- കേരള, സീസൺ സമയത്തെ വിമാന ടിക്കറ്റ് നിരക്ക് വർധനവിനെതിരെ നിയമ പോരാട്ടത്തിനൊരുങ്ങി പ്രവാസി സംഘടനകൾ രംഗത്ത്.
ഗൾഫ്-കേരള സെക്ടറിൽ സീസൺ സമയത്തെ വിമാന ടിക്കറ്റ് നിരക്ക് വർധനവ് പ്രവാസികളെ ഒന്നാകെ വലച്ചിരിക്കുകയാണ്. ഇതിനെതിരെ നിയമ പോരാട്ടത്തിന് ഒരുങ്ങുകയാണ് ജിസിസി രാജ്യങ്ങളിലെ പ്രവാസി സംഘടനകൾ. പ്രവാസി വ്യവസായികളായ സജി ചെറിയാനും തോമസ് കോയാട്ടും നേതൃത്വം നൽകുന്ന ഭാരതീയ പ്രവാസി ഫെഡറേഷനു കീഴിലാണ് നിയമ പോരാട്ടത്തിനുള്ള പ്രവർത്തനം ശക്തമാക്കുന്നത്. ഇത് കൂടാതെ പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിൽ എത്തിക്കുക, വോട്ടവകാശം അനുവദിക്കുക, പുനരധിവാസം ഉറപ്പാക്കുക, എന്നിവയാണ് സംഘടന മുന്നോട്ടുവയ്ക്കുന്ന മറ്റ് പ്രധാന ആവശ്യങ്ങൾ.
അതേസമയം ജിസിസി രാജ്യങ്ങളിലെ പ്രവാസി സംഘടനകളുടെ സംയുക്ത യോഗം വിളിക്കുകയും പ്രശ്നം അവതരിപ്പിച്ച് പിന്തുണ ശേഖരിക്കുകയുമാണിപ്പോൾ. ഇത് സംബന്ധിച്ച അടുത്ത യോഗം സെപ്റ്റംബർ ഏഴിന് ദുബായിലും ഒമാനിലുമായി നടക്കും. സംഘടനാ ഭാരവാഹികൾക്ക് പുറമേ സാമൂഹിക, സാംസ്കാരിക പ്രമുഖരും ഇൻഫ്ലൂവൻസർമാരും ചർച്ചയിൽ പങ്കെടുക്കും. വൈകാതെ മറ്റു രാജ്യങ്ങളിലും യോഗം വിളിച്ച് പോരാട്ടം ശക്തമാക്കുമെന്നും പ്രവാസി സംഘടനകൾ അറിയിച്ചു.
![]()
