കോഴിക്കോട് :സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കും നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്കുമായി നോർക്ക ബിസിനസ്സ് ഫെസിലിറ്റേഷൻ സെന്ററിന്റെ (NBFC) നേതൃത്വത്തില്‍ കോഴിക്കോട് സൗജന്യ ഏകദിന സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു. നോർക്ക റൂട്ട്സ് ജനറൽ മാനേജർ പ്രകാശ് പി. ജോസഫ് ശില്പശാല ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രം (DIC) ജനറൽ മാനേജർ രഞ്ജിത്ത് ബാബു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഹോട്ടൽ ന്യൂ നളന്ദ ഹോട്ടലില്‍ സംഘടിപ്പിച്ച ചടങ്ങില്‍ എന്‍.ബി.എഫ്.സി മാനേജർ (പ്രോജക്ട്) സുരേഷ് കെ.വി. സ്വാഗതവും നോർക്ക റൂട്ട്സ് സീനിയർ എക്സിക്യൂട്ടീവ് ജയകുമാർ നന്ദിയും രേഖപ്പെടുത്തി. സാങ്കേതിക സെഷനുകൾക്ക് സുരേഷ് കെ.വി. നേതൃത്വം നൽകി. പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ, വിവിധ സർക്കാർ സഹായ പദ്ധതികൾ, ബാങ്ക് വായ്പാ സൗകര്യങ്ങൾ, പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കൽ, സെയിൽസ് & മാർക്കറ്റിങ്, ജി.എസ്.ടി, വിവിധ ലൈസൻസുകൾ എന്നിവയെക്കുറിച്ച് ക്ലാസെടുക്കുകയും സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. കോഴിക്കോട് ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 30-ഓളം പ്രവാസി സംരംഭകർ ശില്പശാലയിൽ പങ്കെടുത്തു.
സംസ്ഥാനത്തെ പ്രവാസി നിക്ഷേപങ്ങളും, പ്രവാസി സംരംഭങ്ങളും പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം നോര്‍ക്ക സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ഏകജാലകസംവിധാനമാണ് എന്‍.ബി.എഫ്.സി. എല്ലാ പ്രവൃത്തി ദിനങ്ങളിലും നോര്‍ക്ക ബിസിനസ്സ് ക്ലിനിക്ക് സേവനവും എല്ലാ മാസവും എറണാകുളം കളമശ്ശേരിയിൽ പ്രവര്‍ത്തിക്കുന്ന വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റ് (KIED) ക്യാമ്പസില്‍ ത്രിദിന സൗജന്യ സംരംഭകത്വ പരിശീലനവും (റെസിഡൻഷ്യൽ) എന്‍.ബി.എഫ്.സി വഴി പ്രവാസികള്‍ക്ക് ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802012345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.
