ജിദ്ദ:രുചിയുടെ പുതുമയും കലയുടെ മനോഹാരിതയും സർഗാത്മകതയുടെ വൈവിധ്യവും ഒത്തുചേർന്ന മലബാർ അടുക്കള–ഗ്രാൻഡ് ഹൈപ്പർ സാലഡ് മേക്കിംഗ് മത്സരം വിജയകരമായി സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി നടന്ന മത്സരത്തിൽ കുട്ടികളും മുതിർന്നവരുമടക്കം നിരവധി പേർ പങ്കെടുത്തു.
വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലായി ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ നടന്ന മത്സരത്തിൽ വ്യത്യസ്തമായ രുചിക്കൂട്ടുകളും ആകർഷകമായ അലങ്കാരങ്ങളുമായി മത്സരാർത്ഥികൾ പാചകമികവ് പ്രകടിപ്പിച്ചു. നിറങ്ങളുടെയും രുചികളുടെയും സർഗാത്മകതയുടെയും സംഗമമായി മാറിയ മത്സരം പങ്കാളിത്തംകൊണ്ടും അവതരണത്തിലെ പുതുമകൊണ്ടും ശ്രദ്ധേയമായി.
ജൂനിയർ വിഭാഗത്തിൽ ഷിഫ ഒന്നാം സ്ഥാനവും ഹംദ സജീർ രണ്ടാം സ്ഥാനവും റയ്യ മൂന്നാം സ്ഥാനവും നേടി. സീനിയർ വിഭാഗത്തിൽ സഫീദ ഒന്നാം സ്ഥാനവും ഫബിദ രണ്ടാം സ്ഥാനവും ഫാരിഷ ഷമീർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഷെഫ് ശ്രീനാഥ്, ഷെഫ് സജിന യൂനുസ്, സബീന അസ്ലം എന്നിവർ വിധികർത്താക്കളായി.

ഗ്രാൻഡ് ഹൈപ്പർ ബിസിനസ് ഡെവലപ്മെന്റ് മാനേജർ തസ്ലീം ഷംസുദ്ദീൻ, സ്റ്റോർ മാനേജർ ഷിഹാബുദ്ദീൻ, അസിസ്റ്റന്റ് മാനേജർ അൻസബ് അയൂബ്, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് റാഷിദ് കെ.പി.ബി. എന്നിവർ പരിപാടിയുടെ സംഘാടനത്തിൽ സഹകരിച്ചു. വിജയ് മസാല പ്രതിനിധികളായ സെയിൽസ് മാനേജർ സജി, സെയിൽസ് സൂപ്പർവൈസർ അനിൽ എന്നിവരും പങ്കാളികളായി.
മലബാർ അടുക്കള എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഷംസീറ, സാഹിറ, ആഷിക റംനാസ്, ഷാഹിദ ജലീൽ, ഷബ്നം ബാബു, സുനീറ, മുംതാസ്, ഹസീന, സുറുമി എന്നിവർ പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നൽകി.

പ്രവാസി വനിതകളുടെയും കുട്ടികളുടെയും കഴിവുകൾ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും ഇത്തരം സർഗാത്മക വേദികൾ തുടർന്നും ഒരുക്കുമെന്ന് മലബാർ അടുക്കളയുടെ മോഡറേറ്ററും കോർഡിനേറ്ററുമായ ഷെഫ് കുബ്ര ലത്തീഫ് അറിയിച്ചു. പരിപാടിയുമായി സഹകരിച്ച എല്ലാവർക്കും നന്ദി അറിയിച്ച സംഘാടകർ വിജയികളെയും മത്സരാർത്ഥികളെയും അഭിനന്ദിച്ചു.
രുചിവൈവിധ്യത്തിനൊപ്പം സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും മധുരം പകർന്നാണ് മൂന്ന് ദിവസത്തെ മത്സരത്തിന് തിരശ്ശീല വീണത്.
