ദോഹ: നോർക്ക റൂട്ട്സിന് കീഴിലുള്ള ‘നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിൽ’ (NIFL) അറബിക് ഭാഷാ കോഴ്സ് കൂടി ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഖത്തർ പ്രവാസിയും മുൻ ലോക കേരള സഭ അംഗവുമായ അബ്ദുൽ റഊഫ് കൊണ്ടോട്ടി നോർക്ക അധികൃതർക്ക് നിവേദനം നൽകി.
ഏറ്റവും കൂടുതൽ മലയാളികൾ ജോലി ചെയ്യുന്നതും തൊഴിലവസരങ്ങളുള്ളതുമായ ഗൾഫ് രാജ്യങ്ങളിൽ ഔദ്യോഗിക കാര്യങ്ങൾക്ക് അറബി ഭാഷയ്ക്ക് വലിയ പ്രാധാന്യമാണ് നൽകി വരുന്നത്. ഈ സാഹചര്യത്തിൽ പ്രായോഗിക തലത്തിലുള്ള ഭാഷാ പരിശീലനവും, ഗൾഫ് നാടുകളിലെ ഔദ്യോഗിക ഇടപാടുകൾ കൈകാര്യം ചെയ്യാൻ പ്രാപ്തമാക്കുന്ന രീതിയിലുള്ള കോഴ്സും അംഗീകൃത സാക്ഷ്യപത്രവും നോർക്ക വഴി ലഭ്യമാക്കണമെന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം.
ഇത്തരം കോഴ്സുകൾ ആരംഭിക്കുന്നത് നാട്ടിൽ നിന്നും ഗൾഫിലേക്ക് തൊഴിൽ തേടിയെത്തുന്നവർക്കും നിലവിലെ പ്രവാസികൾക്കും മികച്ചശമ്പളത്തോടുകൂടിയ ഉയർന്ന തസ്തികകൾ നേടാൻ സഹായിക്കും. പ്രവാസികൾക്ക് സ്വന്തമായി സർട്ടിഫൈഡ് സർവീസ് സെന്ററുകൾ (ടൈപ്പിംഗ്, ട്രാൻസ്ലേഷൻ സെന്ററുകൾ) ഉൾപ്പെടെയുള്ള സംരംഭങ്ങൾ ആരംഭിക്കുന്നതിനും ഇത് ഏറെ പ്രയോജനകരമാകും.
ലോകത്തിന്റെ ഏത് കോണിലിരുന്നും പ്രവാസികൾക്ക് പഠിക്കാൻ സൗകര്യപ്രദമാകുന്ന രീതിയിൽ നേരിട്ടുള്ള ക്ലാസുകൾക്കൊപ്പം ഓൺലൈൻ പരിശീലന സൗകര്യവും ഏർപ്പെടുത്തണമെന്നും അബ്ദുൽ റഊഫ് കൊണ്ടോട്ടി നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
