ബുറൈദ : സുരക്ഷിത കുടുംബം, സന്തുഷ്ട സമൂഹം’ എന്ന പ്രമേയത്തിൽ സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ അൽ ഖസ്സീമിലെ ബുറൈദയിൽ സംഘടിപ്പിച്ച കുടുംബസംഗമം 2026 വനിതകളുടെയും കുടുംബിനികളുടെയും കുടുംബനാഥന്മാരുടെയും സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ധാർമികമായ കുടുംബജീവിതത്തിലൂടെയും കുടുംബബന്ധങ്ങളിൽ സ്നേഹവും പരസ്പര വിശ്വാസവും നിലനിർത്തുന്നതിലൂടെയും മാത്രമേ സുരക്ഷിത കുടുംബത്തെയും സന്തുഷ്ട സമൂഹത്തെയും വാർത്തെടുക്കാൻ സാധിക്കുകയുള്ളൂവെന്ന് മുഖ്യപ്രഭാഷണം നിർവഹിച്ച സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ റിയാദ് പ്രബോധകൻ സയ്യിദ് സുല്ലമി അഭിപ്രായപ്പെട്ടു.
കുടുംബാംഗങ്ങൾക്കിടയിലെ സ്നേഹവും സൗഹൃദവും ശക്തിപ്പെടുത്തുമ്പോഴാണ് സമൂഹത്തിലും പരസ്പര സഹവർത്തിത്വവും സന്തോഷവും വളർത്താൻ കഴിയുക. എന്നും കുട്ടികളടക്കമുള്ളവർ ലഹരിയുടെ അടിമകളാകുന്ന സമകാലിക സാഹചര്യം ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഇസ്ലാം സ്ത്രീകൾക്ക് നൽകിയ അവകാശങ്ങളും സ്വാതന്ത്ര്യവും വിശദീകരിച്ച അദ്ദേഹം, പ്രവാചകൻ മുഹമ്മദ് നബി (സ)യുടെ കാലത്തുതന്നെ സ്ത്രീകൾ സാമൂഹിക, പൊതുപ്രവർത്തന മേഖലകളിൽ സജീവമായി പങ്കെടുത്തിരുന്നുവെന്നും ചൂണ്ടിക്കാട്ടി. ഭാര്യയും ഭർത്താവും പരസ്പര സ്നേഹവും വിശ്വാസവും നിലനിർത്തി മുന്നോട്ടുപോകുമ്പോഴാണ് ആരോഗ്യകരമായ കുടുംബജീവിതം സാധ്യമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അബ്ദുറഹീം ഫാറൂഖി സംഗമം ഉദ്ഘാടനം ചെയ്തു. അസ്കർ ഒതായി അധ്യക്ഷത വഹിച്ചു. റിയാസ് വയനാട് സ്വാഗതം ആശംസിച്ചു. ബാബു സുലൈമാൻ ഖിറാഅത്ത് നടത്തി. പരിപാടിയുടെ വിവിധ ഘട്ടങ്ങളിലായി മദ്റസയിൽ പഠിക്കുന്ന പതിനൊന്നോളം വിദ്യാർഥിനികൾ ഖുർആൻ പാരായണം നടത്തി.
വെളിച്ചം ഓൺലൈൻ പഠനപദ്ധതിയുടെ ഏഴാം ഘട്ടത്തിന്റെയും വെളിച്ചം റമദാൻ 2026-ന്റെയും പുരസ്കാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. അഹ്മദ് ശജ്മീർ നദ്വി, കലാം വത്താനിയ, സഫീർ വള്ളാർക്കാട്, ഡോ. ഫഖ്റുദ്ദീൻ, സലീം മൂവമ്പി ക്ക് .സാഹിൽ മുഹമ്മദ് എന്നിവർ പുരസ്കാര വിതരണത്തിന് നേതൃത്വം നൽകി.
കഴിഞ്ഞ സിലബസിലെ സൂറത്തുൽ ഹുജുറാത്ത് മനഃപാഠമാക്കിയ ബാബു സുലൈമാൻ, അബ്ദുൽ ഗഫൂർ, സാജാൻ എന്നിവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
പരിപാടിയുടെ വിവിധ പ്രവർത്തനങ്ങൾക്ക് ശമീം പാലക്കാട്, ഷിബു അബ്ദുൽ മജീദ്, താജുദ്ദീൻ കണ്ണൂർ എന്നിവർ നേതൃത്വം നൽകി. പുരുഷന്മാരുടെ രജിസ്ട്രേഷന് റിഹാൽ റഹ്മാനും വനിതകളുടെ രജിസ്ട്രേഷന് ഫൈഹ താജും നേതൃത്വം നൽകി. എം.ജി.എം പ്രതിനിധി ഹബീബ ഇബ്രാഹിമും സംഗമത്തിൽ സംബന്ധിച്ചു.
ആശിഖ് വത്താനിയയുടെ നന്ദിപ്രകടനത്തോടെ പരിപാടി സമാപിച്ചു.
