ജിദ്ദ: “സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യസംരക്ഷണം” എന്ന വിഷയത്തിൽ ജിദ്ദ ഹസ്സന് ഗസ്സാവി ഹോസ്പിറ്റലും എംപവറിങ് വിമന്‍സ് അലയന്‍സും സംയുക്തമായി സംഘടിപ്പിച്ച ആരോഗ്യസെമിനാര് ശ്രദ്ധേയമായി.
ഹസ്സന് ഗസ്സാവി ഹോസ്പിറ്റലിലെ ശിശുരോഗ വിദഗ്ധ ഡോ. മുഫീദ ആലുങ്ങലും ഗൈനക്കോളജിസ്റ്റ് ഡോ. ഹസീന ബീഗവുമാണ് സെഷനുകള്‍ നയിച്ചത്.
ആരോഗ്യത്തെക്കുറിച്ച് ശരിയായ അറിവ് നേടാന്‍ സമയം കണ്ടെത്താത്തതും ജീവിതശൈലിയില്‍ മാറ്റം കൊണ്ടുവരാന്‍ ശ്രമിക്കാത്തതും സമൂഹത്തിന് വലിയ വെല്ലുവിളിയായി തുടരുന്നുവെന്ന് പ്രഭാഷകര്‍ അഭിപ്രായപ്പെട്ടു.

സ്ത്രീകളുടെ ആരോഗ്യസംരക്ഷണം കുടുംബത്തിന്റെ ആരോഗ്യത്തെയും ക്ഷേമത്തെയും നേരിട്ട് സ്വാധീനിക്കുന്നതാണെന്നും ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് കൃത്യമായ അറിവും സമയബന്ധിതമായ ചികിത്സയും അനിവാര്യമാണെന്നും ഡോക്ടര്‍മാര്‍ വിശദീകരിച്ചു. വിവാഹിതരാവാന്‍ തയ്യാറെടുക്കുന്നവര്‍ നിര്‍ബന്ധമായും എടുക്കേണ്ട ഗര്‍ഭാശയ അര്‍ബുദത്തിനെതിരെയുള്ള (ഗര്‍ഭാശയ ഗള ക്യാന്‍സര്‍) പ്രതിരോധ കുത്തിവെപ്പിനെക്കുറിച്ച് സെമിനാറില്‍ പങ്കെടുത്തവരുടെ സംശയങ്ങള്‍ക്ക് മറുപടി പറയവേ പ്രഭാഷകര്‍ ഓര്‍മ്മിപ്പിച്ചു.
ജ്യോതി ബാബുകുമാര്‍ ആശംസകള്‍ നേര്‍ന്നു. നീമ, മൗഷുമി ശരീഫ്, അഫ്ര സബീന്‍ റാഫി, സുവിജ സത്യന്, റജിയ വീരാന്‍, ഹസീന റഷീദ് എന്നിവര്‍ സംസാരിച്ചു. സിമി അബ്ദുല്‍ ഖാദര്‍ അവതാരകയും സോഫിയ സുനില്‍ മോഡറേറ്ററുമായ പരിപാടിയില്‍ ഷെറീന റഷീദ് സ്വാഗതം പറഞ്ഞു. പരിപാടിയില്‍ പങ്കെടുത്തവര്‍ക്കും സഹകരിച്ചവര്‍ക്കും സബീനാ റാഫി നന്ദി പ്രകാശിപ്പിച്ചു.
