റിയാദ്: തെരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗപ്പെടുത്തി ഇന്ത്യയുടെ ജനാധിപത്യ സംവിധാനം തകർക്കുവാനാണ് സർക്കാർ ശ്രമിക്കുന്നത് എന്ന് ബീഹാറിലെ കിഷൻഗഞ്ച് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഖുർത്വുബ വെൽഫെയർ ഫൗണ്ടേഷൻ സ്ഥാപകനും ഡയറക്ടറുമായ ഡോ. സുബൈർ ഹുദവി ചേകന്നൂർ അഭിപ്രായപ്പെട്ടു.റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ബത്ഹ ഓഫീസിൽ സംഘടിപ്പിച്ച ജന്ദർ മന്ദിർ 02 സമരസംഗമത്തിൽ സംബന്ധിച്ച് മുഖ്യ പ്രഭാഷണം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
സംഘപരിവാർ ശക്തികൾ അവരുടെ അധികാരം നിലനിർത്തുന്നതിന് വേണ്ടിയാണ് എസ് ഐ ആറും പൗരത്വ ഭേദഗതി നിയമങ്ങളുൾപ്പടെയുള്ള കാര്യങ്ങൾ ഉപയോഗിക്കുന്നത്.
സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര അധ്യക്ഷത വഹിച്ചു. ഗ്രയസ് എജ്യുക്കേഷണൽ അസോസിയേഷൻ ജനറൽ സെക്രട്ടറി സയ്യിദ് അഷ്റഫ് തങ്ങൾ ചെട്ടിപ്പടി സംഗമം ഉദ്ഘാടനം ചെയ്തു.

ബാബരിമസ്ജിദ് തകർത്തതും ഗുജറാത്ത്, മുസാഫിർ നഗർ കലാപങ്ങളുമെല്ലാം സംഘപരിവാർ ശക്തികൾക്ക് അധികാരം നേടാനുള്ള വഴികളായിരുന്നു. ജന്ദർ മന്ദിർ സമരങ്ങളുടെ നേതൃ നിരയിൽ പുതിയ തലമുറയുടെ സാന്നിധ്യം ബിജെപി സർക്കാറിനെ അലോസരപ്പെടുത്തുന്നുണ്ട്.
ഹിന്ദു സമൂഹത്തിൽ നിന്ന് തന്നെ വലിയ രീതിയിലുള്ള എതിർപ്പ് ഭരണകൂടം നേരിടുന്നത് ശ്രദ്ധേയമാണ്. രാജ്യത്തെ ഹിന്ദുത്വ രാഷ്ട്രമാക്കുവാനുള്ള ആർ എസ് എസ് അജണ്ട ഒരുകാലത്തും ഇന്ത്യയിൽ നടപ്പിലാക്കുവൻ കഴിയില്ല. രാജ്യത്തിന്റെ വൈവിധ്യങ്ങൾ അതിന് തടസ്സമാണെന്നും സുബൈർ ഹുദവി കൂട്ടിച്ചർത്തു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന അപൂർവ്വവും പ്രാധാന്യമില്ലാത്തതുമായ വാർത്തകൾ കേരളത്തിൽ വലിയ ചർച്ചകൾക്ക് വിധേയമാകാറുണ്ട് എന്നാൽ ഗുണകരമായ വാർത്തകൾ മിക്കതും പ്രചരിക്കപ്പെടാതെ പോകുന്നു എന്നത് ഖേദകരാണ്. ഇത്തരമൊരു പ്രതിസന്ധിഘട്ടത്തിലും മുസ്ലിം സമൂഹത്തിനിടയിൽ ഏവും കൂടുതൽ വിദ്യാഭ്യാസ സാമൂഹിക പരിഷ്കരണ പ്രവർത്തനങ്ങൾ നടക്കുന്ന രാജ്യം ഇന്ത്യയാണ്. കൂടുതൽ ഗ്രന്ഥങ്ങളും പ്രസിദ്ധീകരണങ്ങളും പഠനങ്ങളുമെല്ലാം ഉണ്ടാകുന്നത് പ്രതീക്ഷകളാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ മുസ്ലിം സമൂഹത്തിന് കേവലമായ സഹായങ്ങൾക്കപ്പുറം അവരെ വിദ്യാഭ്യാസ പരിവർത്തനത്തിന് വിധേയമാക്കുന്ന പദ്ധതികൾ നടപ്പിലാക്കുകയാണ് വേണ്ടതെന്നും ഹുദവി കൂട്ടിച്ചേർത്തു. ബീഹാറിലെ കിഷൻഗഞ്ച് കേന്ദ്രീകരിച്ച് കഴിഞ്ഞ ഒൻപത് വർഷമായി നടത്തുന്ന പ്രവർത്തനങ്ങൾ അദ്ദേഹം സംഗമത്തിൽ വിശദീകരിച്ചു.
സമരസംഗമത്തിൽ പങ്കെടുത്തുകൊണ്ട് സൗദി കെഎംസിസി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാൻ അലി പാലത്തിങ്ങൽ, എസ് കെ ഐ സി സൗദി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ അറക്കൽ, റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ഓർഗനൈസിംഗ് സെക്രട്ടറി സത്താർ താമരത്ത്, ചെയർമാൻ യു പി മുസ്തഫ, കെഎംസിസി നാഷണൽ കമ്മിറ്റി സെക്രട്ടറിയേറ്റംഗങ്ങളായ ജലീൽ തിരൂർ, മുഹമ്മദ് വേങ്ങര, മൊയ്തീൻ കുട്ടി തെന്നല, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ റഫീഖ് മഞ്ചേരി, നാസർ മാങ്കാവ്, സിറാജ് മേടപ്പിൽ എന്നിവർ പ്രസംഗിച്ചു. ജാഫർ തങ്ങൾ കൊടുവള്ളി ഖിറാഅത്ത് നിർവ്വഹിച്ചു. സെക്രട്ടറി ഷാഫി മാസ്റ്റർ തുവ്വൂർ സ്വാഗതവും ഷമീർ പറമ്പത്ത് നന്ദിയും പറഞ്ഞു.
