റിയാദ്: കോർപ്പറേറ്റ് സാമൂഹിക പ്രതിബദ്ധതയ്ക്ക് പുതിയ ദിശ നൽകുന്ന ഗ്ലോബൽ സി.എസ്.ആർ ഫോറത്തിന്റെ രണ്ടാം പതിപ്പ് റിയാദിൽ സമാപിച്ചു. ഒക്ടോബർ 5, 6 തീയതികളിൽ നടന്ന ഫോറത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സർക്കാർ പ്രതിനിധികൾ, വ്യവസായ പ്രമുഖർ, നിക്ഷേപകർ, നയരൂപീകരണ വിദഗ്ധർ, അക്കാദമിക് രംഗത്തെ പ്രമുഖർ, സിവിൽ സൊസൈറ്റി പ്രതിനിധികൾ, സി.എസ്.ആർ വിദഗ്ധർ എന്നിവർ പങ്കെടുത്തു. ഡൽഹിയിലെ ഹ്യൂമൺ റിസോഴ്സ് ഡെവലപ്മെന്റ് ഫൗണ്ടേഷൻ (എച്ച്.ആർ.ഡി.എഫ്) ചെയർമാൻ ഡോ. ഹുസൈൻ മടവൂർ ഫോറത്തിൽ അതിഥിയായി പങ്കെടുത്തു.
സൽമാൻ രാജാവിന്റെ രക്ഷാകർതൃത്വത്തിൽ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് ഫോറം സംഘടിപ്പിച്ചത്. ‘പ്രതിബദ്ധതയിൽ നിന്ന് ഫലപ്രാപ്തിയിലേക്ക്’ എന്ന പ്രമേയത്തിൽ നടന്ന ഫോറത്തിൽ സാമൂഹിക ഉത്തരവാദിത്തം, സുസ്ഥിരത, സാമൂഹിക സ്വാധീനം, നിക്ഷേപം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു.
ഫോറം ഉദ്ഘാടനം ചെയ്ത് സംസാരിച്ച സാമൂഹിക വികസന സഹമന്ത്രി അഹ്മദ് അൽമാജിദ്, ദേശീയ സി.എസ്.ആർ പ്ലാറ്റ്ഫോമിലൂടെ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ അഞ്ച് ബില്യൺ സൗദി റിയാൽ സാമൂഹിക ഉത്തരവാദിത്ത പദ്ധതികൾക്കായി ചെലവഴിച്ചതായി അറിയിച്ചു. വിദ്യാഭ്യാസം, ആരോഗ്യം ഉൾപ്പെടെയുള്ള മേഖലകളിലെ നിക്ഷേപങ്ങളുടെ സാമൂഹിക സ്വാധീനം വിലയിരുത്തുന്നതിന് ‘ഹീറ്റ് മാപ്പ്’ സംവിധാനം ഉപയോഗിക്കുന്നതായും അദ്ദേഹം പറഞ്ഞു.
സൗദി അറേബ്യയിൽ ആദ്യമായി സമഗ്രമായ ദേശീയ സി.എസ്.ആർ നയം തയ്യാറാക്കിവരികയാണെന്നും നയം പൂർത്തിയാകാൻ ഒരു വർഷം മുതൽ ഒന്നര വർഷം വരെ സമയമെടുക്കുമെന്നും സഹമന്ത്രി വ്യക്തമാക്കി.
രാജ്യത്തിന്റെ പരിവർത്തന പദ്ധതിയായ വിഷൻ 2030-ന്റെ അന്തിമഘട്ടത്തിലേക്ക് രാജ്യം കടക്കുമ്പോൾ സ്വകാര്യ മേഖല കൈവരിച്ച നേട്ടങ്ങളും സാമൂഹിക ഉത്തരവാദിത്ത രംഗത്തെ പ്രവർത്തനഫലങ്ങളും ആഗോള സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുന്ന വേദി കൂടിയായിരുന്നു ഫോറം.
രണ്ട് ദിവസങ്ങളിലായി നടന്ന പരിപാടിയിൽ ആറ് തന്ത്രപ്രധാന മേഖലകളെ കേന്ദ്രീകരിച്ചായിരുന്നു വിവിധ സെഷനുകൾ. ലോകോത്തര പ്രഭാഷകരുടെ അവതരണങ്ങൾ, മന്ത്രിമാരും സർക്കാർ പ്രതിനിധികളും പങ്കെടുത്ത പ്രത്യേക സെഷനുകൾ, ബിസിനസ് നെറ്റ്വർക്കിങ്, പുരസ്കാരച്ചടങ്ങ്, തന്ത്രപ്രധാന റൗണ്ട് ടേബിൾ ചർച്ചകൾ, സംവേദനാത്മക ശിൽപശാലകൾ, വിവിധ പദ്ധതികളുടെ അവതരണങ്ങൾ എന്നിവ ഫോറത്തിന്റെ ഭാഗമായി നടന്നു.
കോർപ്പറേറ്റ് സാമൂഹിക പ്രതിബദ്ധത സംബന്ധിച്ച ചർച്ചകളെ പ്രഖ്യാപനങ്ങളിലും നയരേഖകളിലും ഒതുക്കാതെ പ്രായോഗികവും അളക്കാവുന്നതുമായ സാമൂഹിക ഫലങ്ങളിലേക്ക് മാറ്റുകയാണ് ഫോറത്തിന്റെ പ്രധാന ലക്ഷ്യം. ആഗോള സഹകരണം ശക്തിപ്പെടുത്തുന്നതിനും സാമൂഹിക ഉത്തരവാദിത്ത പദ്ധതികളുടെ യഥാർഥ സ്വാധീനം അളക്കുന്നതിനും കൂടുതൽ പ്രാധാന്യം നൽകണമെന്ന സന്ദേശത്തോടെയാണ് ഫോറം സമാപിച്ചത്.
വിദ്യാഭ്യാസത്തിന് കൂടുതൽ ഊന്നൽ നൽകണം: ഹുസൈൻ മടവൂർ
വ്യവസായ സ്ഥാപനങ്ങൾ അവരുടെ സാമൂഹിക ഉത്തരവാദിത്ത വിഹിതം പ്രധാനമായും വിദ്യാഭ്യാസ പ്രോത്സാഹന പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കണമെന്ന് ഡൽഹിയിലെ ഹ്യൂമൺ റിസോഴ്സ് ഡെവലപ്മെന്റ് ഫൗണ്ടേഷൻ (എച്ച്.ആർ.ഡി.എഫ്) ചെയർമാൻ ഡോ. ഹുസൈൻ മടവൂർ പറഞ്ഞു. റിയാദിൽ നടന്ന ഗ്ലോബൽ സി.എസ്.ആർ ഫോറത്തിൽ അതിഥിയായി പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകമെമ്പാടുമുള്ള വാണിജ്യ, വ്യവസായ സ്ഥാപനങ്ങളും സംരംഭകരും ഓരോ വർഷവും കോടിക്കണക്കിന് ഡോളറാണ് സി.എസ്.ആർ വിഹിതമായി ചെലവഴിക്കുന്നത്. എന്നാൽ ഇതിൽ വലിയൊരു പങ്കും സമൂഹത്തിന്റെ താൽക്കാലിക ആവശ്യങ്ങൾക്കായാണ് ഉപയോഗപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സി.എസ്.ആർ ഫണ്ടിന്റെ ഒരു പ്രധാന ഭാഗം പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി വിനിയോഗിക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ കൂടുതൽ സാമൂഹിക നേട്ടമുണ്ടാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പിന്നാക്ക പ്രദേശങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനും അർഹരായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകൾ നൽകുന്നതിനും വ്യവസായ സ്ഥാപനങ്ങൾ കൂടുതൽ ശ്രദ്ധ നൽകണമെന്നും ഹുസൈൻ മടവൂർ പറഞ്ഞു.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി എച്ച്.ആർ.ഡി.എഫ് പ്രധാനമായും ഉത്തരേന്ത്യയിലെ പിന്നാക്ക പ്രദേശങ്ങളിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കാണ് ഊന്നൽ നൽകുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
