ജുബൈൽ: വേൾഡ് മലയാളി ഫെഡറേഷൻ ജുബൈൽ സ്റ്റേറ്റ് കൗൺസിലും (WMF) സിറ്റി ഫ്ലവർ ഹൈപ്പർ മാർക്കറ്റും സംയുക്തമായി സൗദി അറേബ്യയുടെ 96-ാമത് ദേശീയ ദിനാഘോഷം വിപുലമായ പരിപാടികളോടെ, സെപ്റ്റംബർ 22-ന് വൈകിട്ട് 6:30 മണിക്ക് ജുബൈൽ സിറ്റി ഫ്ലവർ ഹൈപ്പർ മാർക്കറ്റ് ഓഡിറ്റോറിയത്തിൽ ആഘോഷിച്ചു.
ദേശീയ ബോധവും പ്രവാസി ഐക്യവും വിളിച്ചോതിയ ചടങ്ങിൽ പങ്കെടുത്തവർ കൈകളിൽ സൗദി ദേശീയ പതാകയേന്തിയും, സൗദി ദേശീയ ഗാനം ആലപിച്ചും, കേക്ക് മുറിച്ചും ആദരവ് പ്രകടിപ്പിച്ചു.
വേൾഡ് മലയാളി ഫെഡറേഷൻ ജുബൈൽ സ്റ്റേറ്റ് കൗൺസിൽ പ്രസിഡന്റ് സോണിയ ഹാരിസൺ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സിന്റോ ജേക്കബ് സ്വാഗതം ആശംസിച്ച യോഗത്തിൽ ട്രഷറർ ആഷിർ അലി നന്ദി രേഖപ്പെടുത്തി.
സിറ്റി ഫ്ലവറിന്റെയും ഡബ്ല്യു.എം.എഫിന്റെയും ഭാരവാഹികളും കമ്മിറ്റി അംഗങ്ങളും ചടങ്ങിൽ സംബന്ധിച്ച് ആശംസകൾ നേർന്നു സംസാരിച്ചു. ചാരിറ്റി ഫോറം കോർഡിനേറ്റർ നിസാം, ആർട്സ് ഫോറം കോർഡിനേറ്റർ നിക്കി, എക്സിക്യൂട്ടീവ് അംഗം നുഫിയാസ് എന്നിവരും മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളും ആശംസകൾ അർപ്പിച്ചവരിൽ ഉൾപ്പെടുന്നു. ഡബ്ല്യു.എം.എഫ് വൈസ് പ്രസിഡന്റുമാരായ ഷിഹാബുദ്ദീൻ, ഡി അനിൽ കുമാർ, ഇവന്റ് ഫോറം കോർഡിനേറ്റർ സുഗു എന്നിവരും സംഘടനയിലെ മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളും പ്രവർത്തകരും പരിപാടിയിൽ സജീവമായി പങ്കെടുത്തു.
സെക്രട്ടറി സിന്റോ ജേക്കബിന്റെ നേതൃത്വത്തിലാണ് പരിപാടികൾ വിജയകരമായി ഏകോപിപ്പിച്ചത്. സൗദി അറേബ്യയുടെ വികസനത്തിനും പുരോഗതിക്കും പ്രവാസി സമൂഹം നൽകുന്ന പിന്തുണ അടിവരയിടുന്നതായിരുന്നു ഈ ദേശീയ ദിനാഘോഷം.
![]()
