റിയാദ്: നോർക്ക അംഗത്വം എടുത്ത് നൽകിയും നോർക്ക കെയർ പ്ലസ് ഇൻഷുറൻസ് പദ്ധതിയിൽ ആളുകളെ ചേർത്തും റിയാദിൽ കെഎംസിസി സെൻട്രൽ കമ്മിറ്റി ഒരുക്കിയ നോർക്ക ഹെൽപ് ഡെസ്ക് ശ്രദ്ധേയമായി. നൂറുകണക്കിന് ആളുകളാണ് ഉച്ചമുതൽ ബത്ഹയിലെ കെഎംസിസി ഓഫീസിലേക്ക് എത്തിച്ചേർന്നത്. രാത്രി പത്ത് മണിക്കാണ് ഹെൽപ് ഡെസ്ക് അവസാനിച്ചത്.
നോർക്ക കെയർ പ്ലസ് ഇൻഷുറൻസ് പദ്ധതി സംസ്ഥാന സർക്കാർ നടപ്പിലാക്കിയതോടെ ധാരാളം ആളുകളാണ് നോർക്കയിൽ അംഗത്വം എടുക്കുവാൻ മുന്നോട്ട് വരുന്നത്. നോർക്ക ക്ഷേമനിധി, നോർക്ക കെയർ ഇൻഷുറൻസ്, നോർക്ക കെയർ പ്ലസ് ഇൻഷുറൻസ് തുടങ്ങിയ വിവിധ സേവനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ആളുകൾക്ക് കൈമാറുന്നതിന് വേണ്ടി പ്രത്യേക പരിശീലനം നേടിയ കെഎംസിസി വളണ്ടിയർമാർ ഉൾപ്പെട്ട കൗണ്ടർ ഹെൽപ് ഡെസ്കിൽ ഒരുക്കിയിരുന്നു.
അഞ്ച് ലക്ഷം മുതൽ ഒരു കോടി രൂപ വരെയുള്ള ഇൻഷുറൻസ് പരിരക്ഷയാണ് നോർക്ക കെയർ പ്ലസ് പദ്ധതിയിൽ നൽകുന്നത്. ഒരു കുടുംബത്തിലെ രണ്ട് കുട്ടികൾക്ക് പുറമെയുള്ള കുട്ടികൾക്കും എൺപത് വയസ്സ് വരെ പ്രായമുള്ള മാതാപിതാക്കൾക്കും പദ്ധതിയിൽ ചേരുവാനുള്ള സൗകര്യം നോർക്ക ഒരുക്കിയിട്ടുണ്ട്. നിലവിൽ ചികിത്സ നേടുന്നവർക്കും ഈ പദ്ധതിയിൽ അംഗമാകുവാൻ കഴിയുന്നു എന്നതാണ് നോർക്ക കെയർ പ്ലസ് ഇൻഷുറൻസ് പദ്ധതിയുടെ സവിശേഷത.
സെപ്റ്റംബർ പതിനെട്ടു വരെയാണ് ഇൻഷുറൻസ് പദ്ധതിയിൽ ചേരുവാനുള്ള സമയ പരിധി. പരമാവധി ഈ അവസരം ഉപയോഗപ്പെടുത്തുവാൻ പ്രവാസി സമൂഹം സന്നദ്ധമാവണമെന്ന്
റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ആക്റ്റിംഗ് സെക്രട്ടറി ഷാഫി മാസ്റ്റർ തുവ്വൂരും നോർക്ക സമിതി ചുമതലയുള്ള സെക്രട്ടറി ഷമീർ പറമ്പത്തും പറഞ്ഞു. ആറു കൗണ്ടറിലായി ഒരുക്കിയ ഹെൽപ് ഡെസ്കിൽ സമയ പരിധി കാരണം അംഗത്വം എടുക്കുവാൻ കഴിയാത്തവർക്ക് തുടർന്നുള്ള ദിവസങ്ങളിൽ ആവശ്യമായ സഹായങ്ങൾ ചെയ്തു നൽകുമെന്ന് കെഎംസിസി നോർക്ക സമിതി കൺവീനർ ഫൈസൽ പുനൂർ അറിയിച്ചു.

കെഎംസിസി സൗദി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാൻ അലി പാലത്തിങ്ങൽ കെയർ പ്ലസ് ഇൻഷുറൻസ് പദ്ധതിയിൽ ചേർന്ന് ഹെൽപ് ഡെസ്ക് ഉദ്ഘാടനം ചെയ്തു.
മഹാരാഷ്ട്ര മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ സി എച്ച് ഇബ്രാഹിം കുട്ടി, ഐ ബി ടെക് ബഷീർ എന്നിവർ ക്യാമ്പ് സന്ദർശിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു.
സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ, ഭാരവാഹികളായ ഷാഫി മാസ്റ്റർ തുവ്വൂർ, യു പി മുസ്തഫ, സത്താർ താമരത്ത്, അസീസ് വെങ്കിട്ട, ഷമീർ പറമ്പത്ത്, റഫീഖ് മഞ്ചേരി, ജലീൽ തിരൂർ, സിറാജ് മേടപ്പിൽ, നാസർ മാങ്കാവ്, ഷംസു പെരുമ്പട്ട, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട്, സൗദി കെഎംസിസി നാഷണൽ കമിറ്റി സെക്രട്ടറിയേറ്റംഗങ്ങളായ മുജീബ് ഉപ്പട, മൊയ്തീൻ കുട്ടി തെന്നല, നോർക്ക സമിതി അംഗങ്ങളായ ഫൈസൽ പുനൂർ, സഫീർ ഖാൻ കരുവാരക്കുണ്ട്, ബഷീർ ഇരുമ്പുഴി, ബഷീർ ചുള്ളിക്കോട്, ഹനീഫ മൂർക്കനാട്, നിഷാദ് കരിപ്പൂർ, നസീർ കണ്ണീരി, നൗഫൽ ചാപ്പപടി, അസീസ് വയനാട്, സുധീർ വയനാട്, ഷബീർ മണ്ണാർക്കാട്, യൂനുസ് ഇരുമ്പുഴി, യൂനുസ് കൈതക്കോടൻ, ജാഫർ പൂളക്കൽ, റഫീഖ് തിരുവമ്പാടി, ശബാബ് ധർമ്മടം, മുജീബ് വണ്ടൂർ, ഡോ. ജലീൽ മാസ്റ്റർ, ലത്തീഫ് കട്ടിപ്പാറ, മുഹമ്മദ് മയ്യിൽ, ജാഫർ കണ്ണൂർ, ഷംസു വടപുറം, അഫ്സാർ വള്ളിക്കുന്ന്, അമീർ പള്ളിപ്പടി, ജംഷിദ് പുന്നക്കാട്, റാഷിദ് പാണ്ടിക്കാട് കെഎംസിസി വളണ്ടിയർ വിഭാഗം സ്കോപ്പ് ഭാരവാഹികളായ ഷറഫു വള്ളിക്കുന്ന്, സിദ്ധീഖ് കോനാരി, സലാം വയനാട്, റസാഖ് വള്ളിക്കുന്ന് എന്നിവർ ഹെൽപ് ഡെസ്കിന് നേതൃത്വം നൽകി.
![]()
