“ഇന്ന് നൊന്തു പ്രസവം ഇല്ല,പുതിയ തലമുറയിലെ സ്ത്രീകൾ വേദന അനുഭവിക്കാൻ തയ്യാറല്ല എന്നും കുഞ്ഞുങ്ങൾ ഒന്നോ രണ്ടോ മതി എന്നതിലേക്ക് എത്തിയതിന്റെ ദുരന്തം നാം അനുഭവിക്കാൻ പോകുകയാണ്” എന്ന ഡോ. അബ്ദുൽ ഹകീം അസ്ഹരിയുടെ പരാമർശത്തിനെതിരെ സമൂഹ മാധ്യമമായ ഫേസ്ബുക്കിലൂടെയാണ് വിമർശിച്ച് ഡൊ ഷിംന അസീസ് രംഗത്തെത്തിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
രണ്ട് പെറ്റതാണ്. പതിനാറ് വർഷം മുമ്പും പതിനൊന്ന് വർഷം മുമ്പും. ആദ്യത്തെ പ്രസവത്തിന് പതിനൊന്ന് മണിക്കൂർ പ്രാണൻ പിടയുന്ന പ്രസവവേദന സഹിച്ച് കഴിഞ്ഞാണ് സിസേറിയൻ വേണ്ടി വന്നത്. മോല്യാരുടെ ഭാഷയില്‍ പേറല്ല, കീറായിരുന്നു.
അഞ്ചടിയാണ് എന്റെ ഉയരം, എന്റെ ഇടുപ്പെല്ലിന്റെ വിസ്താരത്തിന് കുഞ്ഞിന്റെ തല ഉള്‍ക്കൊള്ളാനാവില്ലായിരുന്നു. സ്വഭാവികപ്രസവം സാധ്യമല്ലാത്ത ശാരീരികഘടനയാണെനിക്ക്. എന്നിട്ടും മണിക്കൂറുകള്‍ ലേബർ റൂമില്‍ വേദന തിന്നു. അന്ന് പ്രസവിക്കാൻ വാശി പിടിച്ചിരുന്നെങ്കില്‍ ഞാനും മോനും അന്നേ തീർന്നു കാണും.
സിസേറിയൻ അന്നേരം രണ്ട് പേരുടെ ജീവൻരക്ഷാമാർഗമായിരുന്നു. ആശിച്ചു കൊതിച്ചു ചെയ്തതൊന്നുമല്ല. പലർക്കും ഒഴിവാക്കാൻ പറ്റാത്ത ഇത് പോലുള്ള കാരണങ്ങളാല്‍ സിസേറിയൻ വേണ്ടി വരുന്നുണ്ട്. ഈ പറയുന്ന ‘പ്രസവിക്കാൻ പേടിച്ച് കീറുന്നവർ’ ഒക്കെ അതീവന്യൂനപക്ഷമാണ്.
എനിക്ക് സാധാരണ പ്രസവം ശ്രമിക്കാമെന്ന പ്ലാനില്‍ ആയിരുന്നത് കൊണ്ട്
ഓപ്പറേഷന് കുറച്ച് നേരം മുന്നേ ഞാൻ ഭക്ഷണം കഴിച്ചിരുന്നു. അനസ്തീഷ്യക്ക് മുന്നേ വെള്ളം പോലും കുടിച്ചൂടാ എന്ന് അറിയായിരിക്കുമല്ലോ. കുഞ്ഞിന്റെ അനക്കം കുറഞ്ഞതിനാല്‍ പെട്ടെന്ന് തീയറ്ററില്‍ കേറേണ്ടി വന്നു. എമർജൻസി സിസേറിയൻ ശസ്ത്രക്രിയയ്ക്കിടെ കഴിച്ചതെല്ലാം മേലോട്ട് ഓക്കാനിച്ചു വന്നു. അത് ശ്വാസകോശത്തിലേക്ക് കടന്നിരുന്നെങ്കിലും എന്റെ ജീവൻ അപകടത്തിലാകാമായിരുന്നു. അവിടെയും ആധുനിക വൈദ്യശാസ്ത്രം ജീവൻ രക്ഷിച്ചു.
സിസേറിയൻ കഴിഞ്ഞുള്ള രണ്ട് ദിവസങ്ങള്‍ പ്രാണൻ പിടയുന്ന വേദനയായിരുന്നു. കുഞ്ഞിനെ മുലയൂട്ടാൻ എഴുന്നേറ്റ് ഇരിക്കുമ്പോള്‍ വയറിലെ തുന്നല്‍ വലിഞ്ഞ് പറിയുന്നൊരു അവസ്ഥയുണ്ട്. പതുക്കെ എഴുന്നേറ്റ് നടക്കാൻ ശ്രമിച്ചും, തിരിഞ്ഞും മറിഞ്ഞും കിടന്നും ഒക്കെയുമായി ഒരു വിധത്തില്‍ ദിവസങ്ങളോളം എടുത്താണ് നോർമല്‍ അവസ്ഥയില്‍ എത്തിയത്.
സിസേറിയൻ ഒരു ചെറിയ കാര്യമല്ല. അതൊരു മേജർ സർജറിയാണ്.
‘സുഖപ്രസവം’ എന്ന വാക്കിന്റെ ഉപജ്ഞാതാവ് ഏതായാലും ഒരു പെണ്ണായിരിക്കില്ല. നേരിട്ട് കണ്ടിട്ടുള്ള ഒരു പ്രസവത്തിലും അത്ര സുഖമൊന്നും തോന്നീട്ടില്ല. ആരും ചിരിച്ചോണ്ടിരിക്കുന്നത് കണ്ടിട്ടുമില്ല. ഇപ്പോള്‍ എപിഡ്യുറല്‍ കൊടുത്ത് ‘വേദന ഇല്ലാതെ’ പ്രസവിക്കുന്നത് പോലും അത്ര വേദനയില്ലാത്ത പരിപാടിയല്ല. ഒരു ആശ്വാസം കിട്ടും എന്നല്ലാതെ ബാക്കിയൊക്കെ പഴയത് തന്നെ. പ്രസവശേഷവും കുറേ ദിവസം കാണും വലിച്ചിലും വേദനയും.
വേദന സഹിക്കാനുള്ള ശേഷി ഓരോരുത്തർക്കും ഓരോ തരത്തിലാണ്.
“സ്ത്രീകള്‍ക്ക് പ്രസവവേദന സഹിക്കാൻ ക്ഷമയില്ല” എന്ന് ഗർഭപാത്രം ഇല്ലാത്തവർക്ക് വായുവില്‍ നിന്ന് എടുത്തുപറയാൻ വളരെയെളുപ്പമാണ്. വേദന അനുഭവിക്കുന്നതും സഹിക്കുന്നതും ത്യാഗമായും പുണ്യപ്രവർത്തിയായും പർവ്വതീകരിക്കുന്നവരും പെണ്ണിനെ അമ്മയായും ദേവിയായും പരിത്യാഗമയിയായ അവലോസുണ്ടയായും ഒക്കെ ചിത്രീകരിച്ചു പുരക്കുള്ളില്‍ പൂട്ടിയിടുന്നവരും തമ്മില്‍ വല്യ വ്യത്യാസമൊന്നും തത്വത്തില്‍ ഇല്ല.
പെണ്ണ് പുറത്തിറങ്ങിയാല്‍ അന്നേരം വലിയ നാശം ഉണ്ടാകുമെന്നതൊക്കെ സ്ത്രീത്വത്തോടുള്ള അങ്ങേയറ്റത്തെ അധിക്ഷേപ പ്രയോഗമാണ്.
ഒന്നൂടി വിശദമാക്കിയാല്‍, പ്രസവം ഏതാനും മണിക്കൂറുകളുടെ വേദനയല്ല, ഏകദേശം 280 ദിവസത്തെ സഹനത്തിന്റെ ഒടുക്കമാണത്. അസാധ്യക്ഷീണം, രക്തസമ്മർദ്ദത്തിലെ ഏറ്റക്കുറച്ചിലുകള്‍. രക്തത്തിലെ പഞ്ചസാരയിലെ മാറ്റങ്ങള്‍. ഛർദ്ദി, മനം പിരട്ടല്‍, വിഷാദം, അതിനിടയില്‍ നാട്ടുകാരുടെയും വീട്ടുകാരുടെയും ബന്ധുക്കളുടെയും ഉപദേശാഭിപ്രായ പ്രകടനങ്ങള്‍ എന്ന് തുടങ്ങി സകലതും സഹിച്ചാണ് ഒരു സ്ത്രീയുടെ പത്ത് മാസം കടന്നുപോകുന്നത്.
പ്രസവം കഴിഞ്ഞാലോ? ശരീരം മുറിവുകളില്‍ നിന്ന് സുഖപ്പെടാൻ തുടങ്ങുന്ന സമയത്താണ് മുലയൂട്ടലിലേക്ക് നീങ്ങുന്നത്. ഉറക്കമില്ലാത്ത രാത്രികള്‍, ശരീരത്തിലെ വേദനകള്‍. ഹോർമോണ്‍ വ്യതിയാനം, പോസ്റ്റ്പാർട്ടം ഡിപ്രഷൻ ഉള്‍പ്പെടെയുള്ള മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത, അരക്ഷിതാസ്ഥ, പ്രസവരക്ഷ എന്ന ശിക്ഷ…
പിന്നീട്, കുഞ്ഞിന് ആഹാരവും സ്നേഹവും സമയവും വിദ്യാഭ്യാസവും നല്‍കണം. സ്വഭാവരൂപീകരണത്തില്‍ കൂടെ നില്‍ക്കണം. കുട്ടിയുടെ അസുഖങ്ങളിലും പ്രശ്നങ്ങളിലും സന്തോഷങ്ങളിലും കൂടെ നില്‍ക്കണം. പതുക്കെ മക്കളെ സ്വന്തം കാലില്‍ നില്ക്കാൻ പ്രാപ്തരാക്കണം.
അതിനിടയില്‍, പ്രത്യേകിച്ച് പല സ്ത്രീകളും അനുഭവിക്കുന്നതുപോലെ, ഭർത്തൃവീട്ടില്‍ നിന്നോ കുടുംബത്തില്‍ നിന്നോ സമൂഹത്തില്‍ നിന്നോ വരുന്ന വിധിക്കലും കുറ്റപ്പെടുത്തലുകളും എന്ന് തുടങ്ങി പലതുമുണ്ട് പാക്കേജില്‍. കുട്ടിയുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും ചെറിയൊരു വീഴ്ച്ച ഉണ്ടായാല്‍ “ഓളെ വളർത്തുദോഷം” എന്ന ട്രോഫിയും ഉറപ്പായും വാങ്ങാം.
ഇതെല്ലാം സഹിച്ചും ക്ഷമിച്ചും പെറ്റുപോറ്റി വളർത്തുന്നതിനിടെ, ചെറുപ്പകാലം തൊട്ട് സ്വപ്നം കണ്ട് പഠിച്ചെടുത്ത ക്വാളിഫിക്കേഷൻ അനുസരിച്ചുള്ള ജോലി ചെയ്യാൻ സമ്മതിക്കാതെ പൂട്ടിയിടലും പുറം ലോകം തനിച്ച് കാണാൻ അനുവാദം നിഷേധിച്ച് കാറ്റ് തട്ടാതെ തട്ടിൻപുറത്ത് ഉണക്കാനിട്ട കുടംപുളി കണക്ക് ഒളിച്ചുവെക്കലും അവകാശ സംരക്ഷണമൊന്നുമല്ല ഉസ്താദേ, മനുഷ്യാവകാശ ലംഘനമാണ്.
അടങ്ങി ഒതുങ്ങി കഴിയാനായിരുന്നെങ്കില്‍ അതിന് വേണ്ടിയാണ് സ്ത്രീയുടെ ശരീരം പ്രകൃതി സജ്ജമാക്കിയിരിക്കുന്നതെങ്കില്‍, ഇന്ന് മനുഷ്യസ്ത്രീ ഇത്രയേറെ ഉയരങ്ങള്‍ കീഴടക്കില്ല. തലച്ചോറും ബുദ്ധിയും കഴിവും ഒക്കെ ഉള്ളത് കൊണ്ട് തന്നാണ്…
ആല്ലെങ്കില്‍, ശാസ്ത്രജ്ഞയായി ബഹിരാകാശം കാണാനും പഠിക്കാനും പോകില്ല .
വനിതാ പ്രസിഡന്റുമാരും പ്രധാനമന്ത്രിമാരും ഉണ്ടാകില്ല.
ഇത്രയേറെ പുസ്തകങ്ങള്‍ രചിക്കില്ല.
പൊതുനന്മക്കായി സംസാരിക്കുന്ന വിപ്ലവകാരികളായ നേത്രികള്‍ ഉണ്ടാകില്ല.
വിമാനം പറത്തില്ല.
കൃഷിയും നിർമാണവും ചികിത്സയും എന്ന് തുടങ്ങി എണ്ണിയാല്‍ ഒടുങ്ങാത്തത്ര വിവിധ മേഖലകളില്‍ ശോഭിക്കില്ല…
“എന്തൊക്കെ ആയിട്ടെന്താ, പെണ്ണല്ലേ?” എന്ന് പുച്ഛിച്ചു ചോദിച്ചു വഷളൻ ചിരി ചിരിക്കുന്ന പിന്തിരിപ്പന്മാരെ പണ്ഡിത വേഷത്തിലും പരിഷ്കാരിവേഷത്തിലും ഒക്കെ യഥേഷ്ടം കണ്ടിട്ടുണ്ട്. ഇത്ര ലജ്ജയില്ലാതെ ജനസാഗരത്തിന് മുന്നില്‍ പെണ്ണ് പ്രസവിക്കാനും കുട്ടികളെ നോക്കാനും കുടുംബം നോക്കാനും വാതിലിനകത്ത് അടച്ചിടേണ്ടപ്പെടവള് ആണ് എന്ന് നിർലജ്ജമായി വേദിയില്‍ പ്രഖ്യാപിക്കുന്ന പുരുഷനെ വല്ലാത്തൊരു ഞെട്ടലോടെയാണ് കാണുന്നത്. എന്നിട്ട് അതിനെയങ്ങു ദിവ്യവത്കരിച്ച് സ്വയംപ്രഖ്യാപിത സ്ത്രീപക്ഷവാദിയായി തകർത്തിട്ടുമുണ്ട്. ഇത്രേം സ്നേഹാദരങ്ങള്‍ വേണ്ടാർന്ന്! ചങ്ങലയെ കൊലുസാണെന്ന് പറഞ്ഞ് പറ്റിച്ച് ചാർത്തിത്തരുന്നോ…
സമൂഹത്തിന് മുന്നില്‍ സമുദായത്തെ ചീത്തപ്പേര് കേള്‍പ്പിക്കുന്ന ഈ രണ്ടാം തരം പരിപാടി ഉണ്ടാക്കി വയ്ക്കുന്ന പ്രത്യാഘാതങ്ങള്‍ മനസ്സിലാക്കാൻ മാത്രം മതനേതാക്കള്‍ എന്ന് വിളിക്കപ്പെടുന്ന ഇവർക്ക് ബുദ്ധിയില്ലാതെ പോകുന്നത് എന്താണാവോ!
ഇന്ന് കണ്ടൊരു ഡോക്യുമെന്ററിയില്‍ പോലും രക്ഷിതാക്കളുടെ ശ്രദ്ധ കിട്ടാത്തതിന്റെ പേരില്‍ അതിനു പകരം വീട്ടുക എന്നതുപോലെ എട്ടു കൊലപാതകം നടത്തിയ ഒരു വ്യക്തിയെക്കുറിച്ച് കേട്ടു. രണ്ടു പ്രസവത്തില്‍ നിർത്തുന്നതിന്റെ ദുഃഖമാണല്ലോ പറഞ്ഞത്.
രണ്ടു മക്കളെ നേരെ ചൊവ്വേ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി ഉത്തരവാദിത്തപ്പെട്ട പൗരന്മാർ ആക്കാൻ ഇത്രമേല്‍ സാങ്കേതികതയും സാമൂഹിക വിപത്തുകളും ഉള്ള ലോകത്ത് എത്ര ഭീഷണി ഉണ്ടെന്ന്, എത്ര മാത്രം സങ്കീർണ്ണം ആണെന്ന് കണ്ണടച്ചിരുട്ടാക്കുന്നവർക്ക് മനസ്സിലാകുന്നില്ല!
പെണ്ണ് എത്ര പ്രസവിക്കണമെന്ന് അവളും പങ്കാളിയും ചേർന്ന് തീരുമാനിച്ചോളും. പ്രിന്റർ അല്ല, മജ്ജയും മാംസവും വികാരവും വേദനയും ഒക്കെയുള്ള മനുഷ്യനാണ്. പുറത്ത് എടുക്കുന്നത് പ്രിന്റൗട്ടും അല്ല, ചുരുങ്ങിയത് രണ്ടര കിലോ ഒരു മനുഷ്യക്കുഞ്ഞിനെയാണ്. നല്ല അധ്വാനമുണ്ട്. No uterus, no opinion. അത്രേള്ളൂ…
Body autonomy എന്നൊരു സാധനം ഉണ്ട്. ഒന്ന് വായിച്ച് പഠിക്കുന്നത് നന്നാവും. അപ്പഴും നിങ്ങളൊന്നും നന്നാവുമെന്ന് തരിമ്പും പ്രതീക്ഷയില്ല
![]()
