റിയാദ് : ഗൾഫ് മലയാളി ഫെഡറേഷൻ ജി സി സി കമ്മിറ്റിയുടെ നേതൃത്വത്തിൽ, അന്തരിച്ച പ്രമുഖ പ്രവാസി എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ബാബു ഭരദ്വാജിന്റെ ഓർമ്മയ്ക്കായി “ജി എം എഫ് പ്രവാസി ഗൾഫ് പുരസ്കാരം 2026” ഏർപ്പെടുത്തുന്നതായി
ജി സി സി ചെയർമാൻ റാഫി പാങ്ങോട്, പ്രസിഡന്റ് ബഷീർ അമ്പലായി എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഗൾഫ് രാജ്യങ്ങളിൽ കഴിയുന്ന പ്രവാസി മലയാളി എഴുത്തുകാരുടെ സാഹിത്യരംഗത്തെ മികച്ച സംഭാവനകൾ പരിഗണിച്ചായിരിക്കും പുരസ്കാര ജേതാവിനെ കണ്ടെത്തുന്നത്. ഇതോടൊപ്പം ഗൾഫ് രാജ്യങ്ങളിലെ ശ്രദ്ധേയരായ പ്രവാസി എഴുത്തുകാരെയും പ്രത്യേക സ്നേഹാദരവോടെ ആദരിക്കാനും ജി എം എഫ് തീരുമാനിച്ചിട്ടുണ്ട്.
മലയാളത്തിലെ ശ്രദ്ധേയനായ എഴുത്തുകാരനായിരുന്ന ബാബു ഭരദ്വാജ് പ്രവാസജീവിതത്തിന്റെ അനുഭവങ്ങളും ഗൾഫ് മലയാളികളുടെ ജീവിതവും സാഹിത്യത്തിൽ ശക്തമായി അടയാളപ്പെടുത്തിയ വ്യക്തിയായിരുന്നു. കൈരളി ടി.വിയുടെ ക്രിയേറ്റീവ് എക്സിക്യൂട്ടീവായും ചിന്ത വാരികയുടെ എഡിറ്ററായും പ്രവർത്തിച്ച അദ്ദേഹം കൈരളി ടി.വിയിലെ ജനപ്രിയ പരിപാടിയായ അശ്വമേധത്തിന്റെ ആദ്യകാല പ്രവർത്തനങ്ങളിലും നിർണായക പങ്കുവഹിച്ചു. അശ്വമേധത്തിന്റെ ആദ്യ ആയിരം എപ്പിസോഡുകളിൽ മത്സരാർത്ഥികളുടെ ഉത്തരങ്ങൾ പരിശോധിക്കുന്നതിൽ ബാബു ഭരദ്വാജിന്റെ അറിവും സാന്നിധ്യവും പ്രധാനമായിരുന്നുവെന്ന് പരിപാടിയുടെ അവതാരകൻ ജി.എസ്. പ്രദീപ് അടുത്തിടെ അനുസ്മരിച്ചിരുന്നു.
പുരസ്കാരത്തിനും ആദരവിനുമുള്ള വ്യക്തികളെ കണ്ടെത്തുന്നതിനായി ജി എം എഫ് മീഡിയ അഡ്വൈസർ വേണു പരമേശ്വരൻ, ഡോ. ജയചന്ദ്രൻ തുടങ്ങിയവർ ഉൾപ്പെടുന്ന കമ്മിറ്റി പ്രവർത്തിക്കും.
കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന പുരസ്കാരദാന ചടങ്ങിൽ തിരഞ്ഞെടുക്കപ്പെടുന്ന എഴുത്തുകാരെയും ആദരിക്കപ്പെടുന്ന പ്രവാസി പ്രതിഭകളെയും സ്നേഹാദരവോടെ ആദരിക്കും.
പ്രവാസ മലയാളികളുടെ സാഹിത്യ സംഭാവനകളെ പ്രോത്സാഹിപ്പിക്കുകയും ബാബു ഭരദ്വാജിന്റെ പ്രവാസസാഹിത്യ പാരമ്പര്യം പുതുതലമുറയിലേക്ക് എത്തിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പുരസ്കാരം ഏർപ്പെടുത്തുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
![]()
