ജിദ്ദ: കേരളത്തിലെ ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് ബാങ്ക് അക്കൗണ്ട് വഴി പെൻഷൻ നേരിട്ട് ലഭ്യമാക്കാനുള്ള വി.ഡി. സതീശൻ സർക്കാരിന്റെ തീരുമാനം ജനക്ഷേമ ഭരണത്തിന്റെ വ്യക്തമായ അടയാളമാണെന്ന് ” പ്രവാസി സേവന കേന്ദ്രം@ജിദ്ദ “അഭിപ്രായപ്പെട്ടു.ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസിൽ ചേർന്ന വാരാദ്ധ്യ യോഗത്തിൽ അസീസ് ലാക്കൽ അദ്ധ്യക്ഷത വഹിച്ചു.
വർഷങ്ങളായി ക്ഷേമ പെൻഷൻ ആശ്രയിച്ച് കഴിയുന്ന വയോജനങ്ങൾക്കും വിധവകൾക്കും ഭിന്നശേഷിക്കാർക്കും മറ്റ് അർഹരായ ഗുണഭോക്താക്കൾക്കും പെൻഷൻ തുക കൃത്യസമയത്ത് ലഭ്യമാക്കുക എന്നത് സർക്കാരിന്റെ പ്രാഥമിക ഉത്തരവാദിത്വമാണ്. ഇടനിലക്കാരെയും അനാവശ്യമായ കാലതാമസങ്ങളെയും ഒഴിവാക്കി ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് തുക എത്തിക്കുന്ന തീരുമാനം പെൻഷൻ വിതരണ രംഗത്ത് വലിയ മാറ്റത്തിന് വഴിയൊരുക്കും.
പ്രഖ്യാപനങ്ങളിൽ ഒതുങ്ങാതെ ജനങ്ങളുടെ ജീവിതപ്രശ്നങ്ങൾക്ക് പ്രായോഗിക പരിഹാരം കണ്ടെത്തുന്ന ഭരണമാണ് ആവശ്യം. ആ ദിശയിലുള്ള ശക്തമായ ഇടപെടലാണ് ക്ഷേമ പെൻഷൻ ബാങ്ക് വഴി വിതരണം ചെയ്യാനുള്ള തീരുമാനമെന്നും പ്രവാസി സേവന കേന്ദ്രം@ജിദ്ദ ചൂണ്ടിക്കാട്ടി.
സാധാരണക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും സാമൂഹിക സുരക്ഷ ശക്തിപ്പെടുത്തുന്നതിലും സർക്കാർ സ്വീകരിക്കുന്ന നടപടികൾക്ക് പ്രവാസി സമൂഹത്തിന്റെ പൂർണ പിന്തുണയുണ്ടാകും. കേരളത്തിന്റെ വികസനത്തോടൊപ്പം സാധാരണ ജനങ്ങളുടെ ക്ഷേമത്തിനും തുല്യ പ്രാധാന്യം നൽകുന്ന നയങ്ങളാണ് കാലഘട്ടത്തിന്റെ ആവശ്യമെന്നും പ്രവാസി സേവന കേന്ദ്രം@ജിദ്ദ വ്യക്തമാക്കി.
ജനങ്ങളുടെ അവകാശങ്ങൾ ഉറപ്പാക്കുന്ന ഓരോ തീരുമാനവും സർക്കാരിന്റെ ജനപക്ഷ നിലപാടിന്റെ തെളിവാണ്. ക്ഷേമ പെൻഷൻ ബാങ്ക് വഴി വിതരണം ചെയ്യാനുള്ള തീരുമാനം വി.ഡി. സതീശൻ സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾക്ക് ഒരു പൊൻതൂവൽ കൂടിയാണെന്നും ഒ.ഐ.സി.സി പ്രവാസി സേവന കേന്ദ്രം@ജിദ്ദ പ്രസ്താവിച്ചു.
ഫൈസൽ മക്കരപ്പറമ്പ്, ഗഫൂർ വണ്ടൂർ എന്നിവർ പ്രസംഗിച്ചു.
യു എം ഹുസ്സൈൻ മലപ്പുറം സ്വാഗതവും, സമീർ പാണ്ടിക്കാട് നന്ദിയും പറഞ്ഞു.
![]()
