ഡൽഹി : ആഗോള വ്യാപാരത്തെ മുന്നോട്ട് നയിക്കുന്ന നിശബ്ദ യന്ത്രങ്ങളെ പോലെയാണ് നാവികർ.
സാർവ്വദേശീയമായി നാവികർക്ക് വലിയ തോതിൽ ആവശ്യക്കാരുള്ള ഈ കാലഘട്ടത്തിൽ, ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട നാവിക ശേഷി കേന്ദ്രങ്ങളിൽ ഒന്നായി ഇന്ത്യ ഉയർന്നുവന്നിരിക്കുകയാണ്. ആഗോള സമുദ്ര തൊഴിൽ ശക്തിയുടെ 12.16 ശതമാനം ഇപ്പോൾ ഇന്ത്യക്കാരാണ്.
പശ്ചിമേഷ്യൻ, കരിങ്കടൽ തർക്ക പ്രദേശങ്ങളിലെ ഇന്ത്യൻ സാന്നിധ്യം ഇവിടെ ഓർക്കാവുന്നതാണ്. പ്രതികൂല സാഹചര്യങ്ങളിലും സംഘർഷ മേഖലകളിലും ജീവൻ തൃണവൽഗണിച്ച് പ്രവർത്തിക്കുന്ന ഇന്ത്യൻ നാവികർ ആഗോള വ്യാപാരത്തിലെ ഏറ്റവും വലിയ മനുഷ്യവിഭവശേഷിയായി മാറിയിട്ടുണ്ട്.
ലോകത്തിൽ രണ്ടാം സ്ഥാനം: ‘BIMCO-ICS’ സമുദ്ര തൊഴിൽ റിപ്പോർട്ട് 2026 പ്രകാരം ലോകത്തിൽ ഏറ്റവും കൂടുതൽ നാവികരെ വിതരണം ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ (3,11,936 പ്രൊഫഷണലുകൾ). ഫിലിപ്പീൻസ് മാത്രമാണ് ഇന്ത്യക്ക് മുന്നിലുള്ളത്.
വലിയ മുന്നേറ്റം: 2015-ൽ വെറും 5.2% വിഹിതവുമായി (അഞ്ചാം സ്ഥാനം) നിന്ന ഇന്ത്യ, കഴിഞ്ഞ ഒരു പതിറ്റാണ്ട് കൊണ്ട് നാവികരുടെ എണ്ണം ഇരട്ടിയിലധികമാക്കി രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു.

ഓഫീസർ കേഡറിലെ കരുത്ത്: ലോകത്തിലെ സമുദ്ര ഓഫീസർമാരുടെ 13.41 ശതമാനവും (1,40,718 പേർ) ഇന്ത്യയിൽ നിന്നുള്ളവരാണ്.
കേന്ദ്ര ഗവൺമെന്റിന്റെ നയങ്ങൾ: കേന്ദ്ര തുറമുഖ, കപ്പൽ ഗതാഗത മന്ത്രി സർബാനന്ദ സോണോവാൾ വ്യക്തമാക്കിയതുപോലെ, ലോകോത്തര സമുദ്ര വിദ്യാഭ്യാസം, പരിശീലന കേന്ദ്രങ്ങൾ, ഡിജിറ്റൈസേഷൻ, സമുദ്ര നിയമങ്ങളിലെ പരിഷ്കാരങ്ങൾ എന്നിവയാണ് ഈ മുന്നേറ്റത്തിന് വഴിതെളിച്ചത്.
മിഷൻ 20% (Mission 20%)
ആഗോള സമുദ്ര മേഖലയിൽ ഇന്ത്യയുടെ വിഹിതം നിലവിലെ 12.16% ൽ നിന്ന് 20% ആയി ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ‘മിഷൻ 20%’ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ലോകത്തിലെ ഓരോ അഞ്ച് നാവികരിലും ഒരാൾ ഇന്ത്യക്കാരനായിരിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
![]()
